സാങ്കേതിക വിദ്യയിലൂടെ അർജുന് സ്മരണാഞ്ജലി; ലിറ്റിൽ കൈറ്റ്‌സ് ക്യാമ്പിൽ വിസ്മയമായി ‘റോബോ-അർജുൻ’

കൊച്ചി: ഷിരൂരിലെ മണ്ണിടിച്ചിലിൽ നഷ്ടപ്പെട്ട അർജുന്റെ ഓർമ്മകൾക്ക് സാങ്കേതിക വിദ്യയിലൂടെ ജീവൻ നൽകി ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന ക്യാമ്പിലെ കുട്ടിശാസ്ത്രജ്ഞർ. ഷിരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറത്തെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ‘റോബോ-അർജുൻ’ എന്ന അണ്ടർവാട്ടർ സബ്മറൈൻ കളമശ്ശേരി സ്റ്റാർട്ടപ്പ് വില്ലേജിൽ നടക്കുന്ന ക്യാമ്പിൽ വികാരനിർഭരമായ സാന്നിധ്യമായി മാറി. പാഠപുസ്തകത്തിലെ അറിവുകൾ സമൂഹത്തിന്റെ വേദനകൾക്ക് പരിഹാരമായി മാറ്റാൻ കുട്ടികൾക്ക് കഴിയുമെന്ന് തെളിയിക്കുന്നതാണ് ഈ കണ്ടുപിടുത്തം.

കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്ത ദ്വിദിന സംസ്ഥാന ക്യാമ്പിൽ പ്രോഗ്രാമിംഗ്, റോബോട്ടിക്സ്, ആനിമേഷൻ മേഖലകളിൽ കുട്ടികൾ കൈവരിച്ച പുരോഗതി വിളിച്ചോതുന്നതായിരുന്നു പ്രദർശനം. മനുഷ്യർക്ക് കടന്നുചെല്ലാൻ പ്രയാസമുള്ള ഇടങ്ങളിൽ പരിശോധന നടത്താനും അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കാനും സഹായിക്കുന്ന നിരവധി പ്രോജക്റ്റുകൾ ക്യാമ്പിൽ അവതരിപ്പിക്കപ്പെട്ടു.

കാഴ്ച പരിമിതിയുള്ളവർക്കായുള്ള ‘സോണാർ പൾസ്’, ആംഗ്യഭാഷയെ ശബ്ദമാക്കുന്ന ‘വി-ഗ്ലൗസ്’, മുതിർന്നവർക്കായുള്ള ‘കെയർ ബോട്ട്’ തുടങ്ങി ഒട്ടനവധി നൂതന സംവിധാനങ്ങൾ ക്യാമ്പിന്റെ മാറ്റ് കൂട്ടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 204 മിടുക്കരായ വിദ്യാർത്ഥികളാണ് ഈ സാങ്കേതിക വിസ്മയത്തിൽ പങ്കാളികളാകുന്നത്. വരും വർഷങ്ങളിൽ ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾ അപ്പർ പ്രൈമറി, ഹയർ സെക്കൻഡറി തലങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അൻവർ സാദത്ത് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *