മണിയാർ പദ്ധതി ഏറ്റെടുക്കാനുള്ള നീക്കം ഉപേക്ഷിച്ചു; കെ.എസ്.ഇ.ബി നടപടി തടഞ്ഞ് വ്യവസായ വകുപ്പ്

തിരുവനന്തപുരം: പത്തനംതിട്ടയിലെ മണിയാർ ജലവൈദ്യുത പദ്ധതി ഏറ്റെടുക്കാനുള്ള കെ.എസ്.ഇ.ബിയുടെ നീക്കം സർക്കാർ തടഞ്ഞു. പദ്ധതി ഏറ്റെടുക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ചീഫ് സെക്രട്ടറി കെ.എസ്.ഇ.ബി എം.ഡിക്ക് കർശന നിർദ്ദേശം നൽകി. 12 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഈ പദ്ധതി നിലവിൽ സ്വകാര്യ കമ്പനിയായ കാർബോറണ്ടം യൂണിവേഴ്സൽ ലിമിറ്റഡിന്റെ (CUMI) നിയന്ത്രണത്തിലാണ്.

കാർബോറണ്ടം കമ്പനിയുമായുള്ള 30 വർഷത്തെ കരാർ കാലാവധി പൂർത്തിയായി 14 മാസം കഴിഞ്ഞ സാഹചര്യത്തിലാണ് പദ്ധതി ഏറ്റെടുക്കാൻ കെ.എസ്.ഇ.ബി നേരത്തെ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച ഉത്തരവും ബോർഡ് പുറത്തിറക്കിയിരുന്നു. എന്നാൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഈ നടപടിക്കെതിരെ വ്യവസായ മന്ത്രി പി. രാജീവ് കടുത്ത വിമർശനം ഉന്നയിച്ചു. വ്യവസായ വകുപ്പിനെ അറിയിക്കാതെയാണ് വൈദ്യുതി ബോർഡ് ഏകപക്ഷീയമായി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് മന്ത്രിയുടെ നിലപാട്.

വ്യവസായ വകുപ്പിന്റെ ശക്തമായ സമ്മർദ്ദത്തെത്തുടർന്നാണ് ഇപ്പോൾ ഏറ്റെടുക്കൽ നടപടികൾ മരവിപ്പിച്ചിരിക്കുന്നത്. ഇതോടെ, പദ്ധതിയുടെ നിയന്ത്രണം കെ.എസ്.ഇ.ബിക്ക് കൈമാറാനുള്ള നീക്കം ഉപേക്ഷിച്ച മട്ടാണ്. സർക്കാർ നിലപാട് മാറിയതോടെ മണിയാർ ജലവൈദ്യുത പദ്ധതി തൽക്കാലം സ്വകാര്യ മേഖലയിൽ തന്നെ തുടരും. ഇതിന് പിന്നിൽ വലിയ രാഷ്ട്രീയ – ഉദ്യോഗസ്ഥ തലത്തിലുള്ള തർക്കങ്ങൾ നടന്നതായാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *