മെൽബൺ: ഓസ്‌ട്രേലിയയുടെ കുടിയേറ്റ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ഇന്ത്യക്കാർ. രാജ്യത്തെ വിദേശത്ത് ജനിച്ചവരുടെ ജനസംഖ്യയിൽ ഇംഗ്ലണ്ടിനെ പിന്നിലാക്കി ഇന്ത്യ ഒന്നാമതെത്തി. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (ABS) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ചരിത്രത്തിലാദ്യമായാണ് കുടിയേറ്റക്കാരുടെ എണ്ണത്തിൽ ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്.
നിലവിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ജനിച്ച 9,71,020 പേർ ഓസ്‌ട്രേലിയയിൽ വസിക്കുന്നുണ്ട്. അതേസമയം, ഇംഗ്ലണ്ടിൽ നിന്നുള്ളവരുടെ എണ്ണം 9,70,950 ആയി കുറഞ്ഞു. കഴിഞ്ഞ പത്ത് വർഷമായി ഇംഗ്ലണ്ടിൽ നിന്നുള്ള കുടിയേറ്റം കുറയുകയും ഇന്ത്യയിൽ നിന്നുള്ളവരുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുകയും ചെയ്തതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ചൈന, ന്യൂസിലാൻഡ്, ഫിലിപ്പീൻസ് എന്നിവയാണ് പട്ടികയിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് രാജ്യങ്ങൾ.
കുടിയേറ്റം വർധിച്ചത് ഓസ്‌ട്രേലിയയുടെ ജനസംഖ്യാ ഘടനയിലും വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പഴയകാല കുടിയേറ്റക്കാരുടെ ശരാശരി പ്രായം 60-ന് മുകളിലാണെങ്കിൽ, ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള പുതിയ കുടിയേറ്റക്കാരുടെ വരവോടെ വിദേശത്ത് ജനിച്ചവരുടെ ശരാശരി പ്രായം 43 ആയി കുറഞ്ഞു. ഇത് ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിൽ വിപണിക്കും വലിയ കരുത്തേകുന്നതായാണ് വിലയിരുത്തൽ.
കുടിയേറ്റം ഓസ്‌ട്രേലിയൻ സംസ്‌കാരത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും അവിഭാജ്യ ഘടകമാണെന്ന് ഇമിഗ്രേഷൻ മന്ത്രി ടോണി ബർക്ക് അഭിപ്രായപ്പെട്ടു. എന്നാൽ, കുടിയേറ്റക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് ആംഗസ് ടെയ്‌ലർ. 27.6 മില്യൺ ജനസംഖ്യയുള്ള ഓസ്‌ട്രേലിയയിൽ 2035-36 കാലയളവിൽ ജനസംഖ്യ 31.5 മില്യണിലെത്തുമെന്നാണ് ഔദ്യോഗിക നിഗമനം. വിയറ്റ്‌നാം, ദക്ഷിണാഫ്രിക്ക, നേപ്പാൾ, ശ്രീലങ്ക, മലേഷ്യ എന്നിവയാണ് പട്ടികയിലെ മറ്റ് പ്രധാന രാജ്യങ്ങൾ

