കാന്‍ബറ: ഓസ്‌ട്രേലിയയിലുടനീളം ഡാറ്റാ സെന്ററുകൾ ഉൾപ്പെടെയുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകുന്നതിനുള്ള പുതിയ സംവിധാനങ്ങൾ ഫെഡറൽ സർക്കാർ അവതരിപ്പിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അൽബാനീസ്. അതിവേഗം വളരുന്ന ഈ സാങ്കേതികവിദ്യയിൽ നിക്ഷേപകരുടെ ആത്മവിശ്വാസം ഉറപ്പാക്കാനും പൊതുജനങ്ങളുടെ വിശ്വസ്തത നിലനിർത്താനുമാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്ച നടത്തുന്ന സുപ്രധാന പ്രസംഗത്തിൽ പ്രധാനമന്ത്രിയുടെ വകുപ്പിന് കീഴിൽ പുതിയ എഐ ഓഫീസ് സ്ഥാപിക്കുന്ന കാര്യം അദ്ദേഹം പ്രഖ്യാപിക്കും. എഐയുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പ്രശ്ന ങ്ങളെയും ദേശീയ സുരക്ഷയെയും ഒരൊറ്റ ദേശീയ ചട്ടക്കൂടിന് കീഴിൽ കൊണ്ടുവരുന്ന ലോകത്തിലെ ആദ്യ ത്തെ രാജ്യമായി ഓസ്‌ട്രേലിയ മാറാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം പ്രഖ്യാപിക്കും.
വലിയ ലാംഗ്വേജ് മോഡലുകളെ പരിശീലിപ്പിക്കുന്നതിനായി എഐ കമ്പനികൾ പകർപ്പവകാശ നിയമങ്ങളിൽ ഇളവുകൾക്കായി സമ്മർദ്ദം ചെലുത്തുന്നതിനിടയിലാണ് ഈ പ്രഖ്യാപനം വരുന്നത്. എങ്കിലും പകർപ്പവകാശ നിയമങ്ങളിൽ സർക്കാരിന്റെ പദ്ധതികൾ എന്തൊക്കെയാണെന്ന് പ്രസംഗത്തിന്റെ ലഭ്യമായ ഭാഗങ്ങളിൽ വിശദീകരിക്കുന്നില്ല. ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നത് വഴി കൂടുതൽ വ്യക്തതയും വേഗതയും ഉറപ്പാക്കാനും അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാനും സാധിക്കുമെന്ന് അൽബാനീസ് പറയും.
വൻകിട ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചറുകൾ, ഊർജ്ജ സംവിധാനങ്ങൾ, ഓസ്‌ട്രേലിയൻ എഴുത്തുകാ രുടെയും കലാകാരന്മാരുടെയും പത്രപ്രവർത്തകരുടെയും ബൗദ്ധിക സ്വത്തവകാശ സംരക്ഷണം എന്നിവയെ ക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് എഐ സൃഷ്ടിക്കുന്ന സാമൂഹിക മാറ്റങ്ങളെ നേരിടാൻ ലേബർ സർക്കാർ ഒരുങ്ങുന്നത്. ഓസ്‌ട്രേലിയൻ പബ്ലിക് സർവീസിൽ എഐയുടെ സുരക്ഷിതമായ ഉപയോഗത്തിനായി ആരംഭിച്ച ‘ഗോവ് എഐ’ സേവനം വിപുലീകരിക്കാൻ എഐ പ്ലാറ്റ്‌ഫോമുകൾ ഇതിനകം തന്നെ തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വകുപ്പിന് കീഴിൽ ഉടനടി പ്രാബല്യത്തിൽ വരുന്ന പുതിയ എഐ ഓഫീസ്, വ്യവസായ-നൂതനത്വ മന്ത്രി ടിം അയർസ്, അസിസ്റ്റന്റ് സയൻസ് ആൻഡ് ടെക്നോളജി മന്ത്രി ആൻഡ്രൂ ചാർട്ടൺ എന്നിവരുമായി സഹകരിച്ചാകും പ്രവർത്തിക്കുക. ഇത് പുതിയ ഓസ്‌ട്രേലിയൻ എഐ മാനദണ്ഡങ്ങൾ രൂപകൽപ്പന ചെയ്യുകയും വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യും.
എഐ സാങ്കേതികവിദ്യ ഉയർത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെക്കുറിച്ചും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിക്കും. ജനാധിപത്യ രാജ്യങ്ങളെ ലക്ഷ്യമിട്ട് തീവ്രവാദികളും ചില ഭരണകൂടങ്ങളും യുവാക്കൾക്കിടയിൽ വ്യാജപ്രചാരണങ്ങൾ നടത്താൻ എഐ ഉപയോഗിക്കുന്നുണ്ടെന്ന് അൽബാനീസ് ചൂണ്ടിക്കാണിക്കും. ഈ സാഹചര്യത്തിൽ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലസും ആഭ്യന്തര മന്ത്രി ടോണി ബർക്കും സുരക്ഷാ ഏജൻസികളുമായും ഓസ്‌ട്രേലിയയുടെ ‘ഫൈവ് ഐസ്’ ഇന്റലിജൻസ് സഖ്യകക്ഷികളുമായും ചേർന്ന് സാധ്യമായ ഭീഷണികളെ നേരിടാൻ ഇതിനകം തന്നെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.

