തിരുവനന്തപുരം: കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യമണിക്കൂറുകളിൽ ഐക്യജനാധിപത്യ മുന്നണി (UDF) വ്യക്തമായ മുന്നേറ്റം കാഴ്ചവെക്കുന്നതായി റിപ്പോർട്ടുകൾ. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെണ്ണലിൽ തപാൽ വോട്ടുകളാണ് ആദ്യഘട്ടത്തിൽ എണ്ണിത്തീർത്തത്.
ഒമ്പത് മണിയോടെ പുറത്തുവന്ന ഔദ്യോഗിക വിവരങ്ങൾ പ്രകാരം യു.ഡി.എഫ് 20 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ, നിലവിലെ ഭരണകക്ഷിയായ എൽ.ഡി.എഫ് 8 ഇടങ്ങളിലും ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ 4 മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
പാലക്കാട് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ലീഡ് നിലനിർത്തുന്നു.വേങ്ങരയിൽ യു.ഡി.എഫിന്റെ പി.കെ. കുഞ്ഞാലിക്കുട്ടി മുന്നിലാണ്.മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ മുന്നിലാണ്.പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറവൂർ മണ്ഡലത്തിൽ ലീഡ് ചെയ്യുന്നു.
ഹാട്രിക്ക് വിജയം ലക്ഷ്യമിടുന്ന എൽ.ഡി.എഫും, പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണം തിരിച്ചുപിടിക്കാനൊരുങ്ങുന്ന യു.ഡി.എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല മണ്ഡലങ്ങളിലും നടക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പത്ത് മണിക്ക് ശേഷം കൂടുതൽ റൗണ്ടുകൾ എണ്ണിത്തീരുന്നതോടെ സംസ്ഥാനത്തെ കൃത്യമായ ട്രെൻഡ് വ്യക്തമാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിലവിൽ ആദ്യഫലസൂചനകൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനനുസരിച്ച് ഈ കണക്കുകളിൽ മാറ്റം വരാൻ സാധ്യതയുണ്ട്.

