ബെംഗളൂരു: ആർട്ട് ഓഫ് ലിവിങ്ങിന്റെ 45-ാം വാർഷികാഘോഷങ്ങളിലും സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കറിന്റെ 70-ാം ജന്മദിനാഘോഷങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. മെയ് 10-ന് ബെംഗളൂരുവിലെ ആർട്ട് ഓഫ് ലിവിങ് ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി മുഖ്യപ്രഭാഷണം നടത്തും.
ആഘോഷങ്ങളുടെ ഭാഗമായി പുതുതായി നിർമിച്ച ധ്യാൻ മന്ദിറിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും. കൂടാതെ മാനസിക ക്ഷേമം, ഗ്രാമവികസനം, പ്രകൃതി സംരക്ഷണം, സാമൂഹിക പരിവർത്തനം എന്നീ മേഖലകളിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന ദേശീയ സേവന പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിക്കും. 182 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നേരിട്ടും ഓൺലൈനായും ഈ ചരിത്രപരമായ ചടങ്ങിൽ പങ്കുചേരും.
മെയ് 13-ന് ശ്രീ ശ്രീ രവിശങ്കർ നയിക്കുന്ന ലോകസമാധാനത്തിനായുള്ള ആഗോള ധ്യാന പരിപാടിയും നടക്കും. ലോകമെമ്പാടുമുള്ളവർക്ക് തത്സമയം ഇതിൽ പങ്കുചേരാൻ സൗകര്യമുണ്ടാകും. ഒരു മാസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ബിസിനസ്സ്, മാധ്യമം, വിദ്യാഭ്യാസം, കല തുടങ്ങി വിവിധ മേഖലകളിലെ ധാർമ്മികതയെ മുൻനിർത്തിയുള്ള ആഗോള നേതൃത്വ സംവാദങ്ങളും ഉച്ചകോടികളും സംഘടിപ്പിച്ചിട്ടുണ്ട്.
വിവിധ സർക്കാർ ഏജൻസികളുമായും അന്താരാഷ്ട്ര സംഘടനകളുമായുള്ള സുപ്രധാന ധാരണാപത്രങ്ങളുടെ പ്രഖ്യാപനവും ചടങ്ങിൽ ഉണ്ടാകും. പരിസ്ഥിതി-ജല സംരക്ഷണം, സ്ത്രീ ശാക്തീകരണം, ലഹരിവിമുക്ത പരിപാടികൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ ചർച്ചകളും പദ്ധതികളും വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും. 1981-ൽ പ്രവർത്തനമാരംഭിച്ച ആർട്ട് ഓഫ് ലിവിങ് ഇന്ന് ലോകമെമ്പാടുമുള്ള 182 രാജ്യങ്ങളിൽ സജീവമാണ്

