പിണറായിക്കും ബിനോയ് വിശ്വത്തിനും എതിരെ രൂക്ഷവിമർശനം; ഇടതുമുന്നണിയിൽ നേതൃമാറ്റത്തിന് മുറവിളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പ്രഹരത്തിന് പിന്നാലെ സിപിഐഎമ്മിലും സിപിഐയിലും നേതൃത്വത്തിനെതിരെ പടയൊരുക്കം. പ്രതിപക്ഷ നേതൃസ്ഥാനം ആര് ഏറ്റെടുക്കണമെന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകില്ലെന്നും പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പരാജയത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അതിരൂക്ഷമായ വിമർശനമാണ് ഉയർന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി നടത്തിയ ചില പരാമർശങ്ങൾ തിരിച്ചടിയായെന്ന് യോഗത്തിൽ അഭിപ്രായമുയർന്നു. ഭരണവിരുദ്ധ വികാരം ഇത്രത്തോളം ശക്തമാണെന്ന് തിരിച്ചറിയുന്നതിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റി. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ്. പിണറായിയുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് ഭരണത്തെ വിട്ടുകൊടുത്ത സെക്രട്ടറിയേറ്റിനും പരാജയത്തിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ സംഘടനാ തലത്തിലും പാർലമെന്ററി തലത്തിലും അഴിച്ചുപണി വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

അതേസമയം, തോൽവിക്ക് കാരണമായ വിഷയങ്ങൾ ചൂണ്ടിക്കാട്ടി സിപിഐഎം നേതൃത്വത്തിന് ഇമെയിൽ വഴി കത്തുകളുടെ പ്രവാഹമാണ്. തോൽവിയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കത്തെഴുതി അറിയിക്കണമെന്ന പി. ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെയാണ് പാർട്ടി അനുഭാവികൾ കൂട്ടത്തോടെ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. ഇത്തരം കത്തുകൾ പാർട്ടി ഗൗരവമായി പരിഗണിക്കുമെന്ന് പി. ജയരാജൻ വ്യക്തമാക്കി.

സിപിഐയിലും നേതൃമാറ്റത്തിനുള്ള ആവശ്യം ശക്തമായിട്ടുണ്ട്. മത്സരിച്ച 25 സീറ്റുകളിൽ എട്ടെണ്ണത്തിലേക്ക് പാർട്ടി ഒതുങ്ങിയതോടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ വിമർശനം ഉയർന്നു. നാദാപുരം ഉൾപ്പെടെയുള്ള സീറ്റുകളിൽ ബിനോയ് വിശ്വം എടുത്ത പിടിവാശിയാണ് തോൽവിക്ക് കാരണമായതെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിലും പ്രചാരണ തന്ത്രങ്ങൾ മെനയുന്നതിലും സെക്രട്ടറി പരാജയപ്പെട്ടുവെന്നാണ് ഉയരുന്ന ആക്ഷേപം. അസാധാരണമായ തിരിച്ചടിയെ നേരിടാൻ അസാധാരണമായ നടപടികൾ തന്നെ വേണമെന്ന നിലപാടിലാണ് ഇരു പാർട്ടികളിലെയും തിരുത്തൽവാദികൾ.

Leave a Reply

Your email address will not be published. Required fields are marked *