ബംഗാളിൽമുഖ്യമന്ത്രി പദം ഒഴിയില്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി;ശനിയാഴ്ച ബിജെപി സർക്കാർ അധികാരമേൽക്കും

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിൽ മമത ബാനർജി. അധികാരം നഷ്ടമായെങ്കിലും ‘ഇന്ത്യ’ സഖ്യം ശക്തിപ്പെടുത്തി ദേശീയതലത്തിൽ പുതിയ പോർമുഖം തുറക്കാനാണ് മമതയുടെ നീക്കം. എന്നാൽ, ശനിയാഴ്ച ബിജെപിയുടെ പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ തുടരുകയാണ്. സന്ദേശ്‌ഖാലിയിൽ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസിനും കേന്ദ്രസേനയ്ക്കും നേരെ നാടൻ ബോംബേറുണ്ടായി. വെടിവെപ്പിൽ ഒരു പൊലീസുകാരനും കേന്ദ്രസേന ഉദ്യോഗസ്ഥനും പരിക്കേറ്റു. മുർഷിദാബാദിൽ ലെനിൻ പ്രതിമ തകർക്കപ്പെട്ടു. കൊൽക്കത്ത ന്യൂ മാർക്കറ്റിൽ വിജയാഘോഷത്തിനിടെ ബിജെപി പ്രവർത്തകർ തൃണമൂൽ കോൺഗ്രസ് ഓഫീസ് തകർത്തു. ഇതിനിടെ, കൊൽക്കത്തയിൽ മമത ബാനർജിയുടെയും അഭിഷേക് ബാനർജിയുടെയും വസതികൾക്ക് മുന്നിലുണ്ടായിരുന്ന പ്രത്യേക സുരക്ഷാ ഗേറ്റുകൾ നീക്കം ചെയ്തു. ഇതോടെ ഈ മേഖലയിലെ യാത്രാ നിയന്ത്രണങ്ങൾ ഒഴിവായി.

അക്രമങ്ങളാണ് ബിജെപി ഉദ്ദേശിച്ച ‘പരിവർത്തനം’ എന്ന് തൃണമൂൽ നേതാവ് ഡെറിക് ഒബ്രയാൻ ആരോപിച്ചു. എന്നാൽ അധികാരം മമതയുടെ തറവാട്ട് സ്വത്തല്ലെന്ന് ബിജെപി നേതാവ് ദിലീപ് ഘോഷ് തിരിച്ചടിച്ചു. അതേസമയം, പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിലും ഭിന്നത രൂക്ഷമായിരിക്കുകയാണ്. സ്ഥാനാർത്ഥിത്വത്തിനായി പാർട്ടി അഞ്ചുകോടി രൂപ ആവശ്യപ്പെട്ടതായി മുൻ മന്ത്രി മനോജ് തിവാരി വെളിപ്പെടുത്തി. മെസ്സി കൊൽക്കത്തയിൽ എത്തിയ പരിപാടി അലങ്കോലമായത് സർക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്നും പാർട്ടി വിട്ട മനോജ് തിവാരി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *