പാലക്കാട്: പാലക്കാട് നഗരസഭാ കൗൺസിലറും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായ അബ്ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവുമായി ഏരിയ കമ്മിറ്റി യോഗത്തിലുണ്ടായ രൂക്ഷമായ തർക്കത്തിന് പിന്നാലെയാണ് അപ്രതീക്ഷിത രാജി. പാർട്ടിയിലെ എല്ലാ ഉത്തരവാദിത്തങ്ങളും ഒഴിഞ്ഞതായും ഇനി സ്വതന്ത്രനായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
താൻ വഹിച്ച സ്ഥാനങ്ങൾ ആരുടെയും ഔദാര്യമല്ലെന്നും കഠിനാധ്വാനത്തിന്റെ ഫലമാണെന്നും ഷുക്കൂർ കുറിച്ചു. “തമ്പ്രാൻ ചമഞ്ഞ് ഔദാര്യം വിളമ്പുന്നവർക്ക് മുന്നിൽ തലകുനിക്കാനില്ല. കപടമായ ഔദാര്യത്തേക്കാൾ അന്തസ്സുള്ള നിലപാടാണ് എന്നും വലുത്,” എന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ഒന്നര വർഷമായി മനസ്സിൽ കൊണ്ടുനടന്ന ഭാരമാണ് ഇപ്പോൾ ഇറക്കിവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അബ്ദുൽ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചിരിക്കുകയാണ്. ‘ആദ്യ വിക്കറ്റ് വീണു’ എന്ന തരത്തിലുള്ള പ്രതികരണങ്ങളുമായി ബിജെപി നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സിപിഐഎമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഈ നീക്കത്തെ കാണുന്നത്. നഗരസഭയിലെ ഇടതുപക്ഷത്തിന്റെ കരുത്തനായ നേതാവ് പാർട്ടി വിട്ടത് സിപിഐഎമ്മിന് വലിയ തിരിച്ചടിയാകും.

