സ്ത്രീകളെ ആക്രമിക്കാൻ ശ്രമിച്ച പ്രതിയെ തുരത്തി നായക്കൂട്ടം; ട്രൗസർ കടിച്ചു കീറി, പ്രതിക്കായി തെരച്ചിൽ

മെൽബൺ: ഓസ്ട്രേലിയയിലെ മെൽബണിൽ രണ്ട് സ്ത്രീകളെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ അവരുടെ വളർത്തുനായ്ക്കളുടെ കൂട്ടം ആക്രമിച്ച് ഓടിച്ചുവിട്ടു. മെൽബൺ നഗരത്തിന്റെ തെക്കുകിഴക്കൻ മേഖലയായ കുയോങ്ങിൽ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട പ്രതിക്കായി വിക്ടോറിയ പൊലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

എട്ട് വളർത്തുനായ്ക്കളുമായി നടന്നുപോവുകയായിരുന്ന രണ്ട് സ്ത്രീകൾക്കു നേരെയാണ് യുവാവ് കുറ്റിക്കാട്ടിൽ നിന്ന് പെട്ടെന്ന് ചാടിയെത്തി ആക്രമണത്തിന് തുനിഞ്ഞത്. ഒരു സ്ത്രീയെ ഇയാൾ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ചെങ്കിലും അവർ ശക്തമായി പ്രതിരോധിച്ച് യുവാവിനെ തള്ളിമാറ്റി. തുടർന്ന് ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും പിടിച്ചുവലിക്കാൻ ഇയാൾ ശ്രമിച്ചെങ്കിലും അവരും പ്രതിരോധിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇതിനിടെ സ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന നായ്ക്കൾ ക്രൂരമായി പ്രതിക്കു നേരെ പാഞ്ഞടുക്കുകയും ആക്രമിക്കുകയും ചെയ്തു. നായക്കൂട്ടം ഒന്നിച്ച് തിരിഞ്ഞതോടെ ഭയന്നോടിയ ഇയാൾ സമീപത്തെ മോനാഷ് ഫ്രീവേയ്ക്ക് കീഴിലുള്ള തുരങ്കത്തിലേക്കാണ് ഓടിക്കയറിയത്. ഇയാൾ ഓടി രക്ഷപ്പെടുന്നതിനിടെ കൂട്ടത്തിലുണ്ടായിരുന്ന ഒരു നായ പ്രതിയുടെ ട്രൗസറിൽ കടിച്ച് തുണിയുടെ ഒരു ഭാഗം കീറിയെടുത്തതായും പൊലീസ് സ്ഥിരീകരിച്ചു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നീല ബാക്ക്പാക്കും ചാരനിറത്തിലുള്ള ഹൂഡിയും ധരിച്ച പ്രതിയെ വിവിധ ഇനങ്ങളിലുള്ള നായ്ക്കൾ കൂട്ടത്തോടെ പിന്തുടരുന്നതാണ് വിഡിയോയിലുള്ളത്. ഇതിൽ ‘ബ്ലൂ ഹീലർ’ ഇനത്തിൽപ്പെട്ട നായ പ്രതിയുടെ ട്രൗസറിൽ കടിച്ചുപിടിക്കുന്ന ദൃശ്യങ്ങളും വ്യക്തമാണ്. പ്രതിയുടെ മുഖസാദൃശ്യമുള്ള സ്കെച്ച് പുറത്തുവിട്ട പൊലീസ്, സംഭവത്തെക്കുറിച്ചോ പ്രതിയെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടിയന്തരമായി ക്രൈം സ്റ്റോപ്പേഴ്സുമായി ബന്ധപ്പെടണമെന്ന് അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *