പൈനാവ്: ഇടുക്കി സിവില്‍ സ്റ്റേഷനിലും കോടതി സമുച്ചയത്തിലും ബോംബ് ഭീഷണി ഉയർന്നതിനെത്തുടർന്ന് കളക്ടറേറ്റിലും പരിസരത്തും കനത്ത ജാഗ്രത. ഭീഷണി സന്ദേശമടങ്ങിയ ഇമെയിൽ ലഭിച്ചതിനെ തുടർന്ന് ഇടുക്കി കളക്ടറേറ്റിലും സമീപത്തെ കോടതി പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കുകയും കർശന പരിശോധനകൾ നടത്തുകയും ചെയ്തു.
ഇമെയിൽ സന്ദേശം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും ഡോഗ് സ്ക്വാഡിന്റെയും ബോംബ് സ്ക്വാഡിന്റെയും നേതൃത്വത്തിൽ അരിച്ചുപെറുക്കി പരിശോധന നടത്തുകയുമായിരുന്നു. സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലും കോടതി മുറികളിലും പാർക്കിംഗ് ഏരിയകളിലും മണിക്കൂറുകളോളം നീണ്ടുനിന്ന വിശദമായ പരിശോധനയാണ് നടന്നത്. ആശങ്കയുയർത്തുന്ന സാഹചര്യമുണ്ടായെങ്കിലും പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനായി സൈബർ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

