അഹമ്മദാബാദ്: ഗുജറാത്തിലെ കച്ച് തീരത്തോട് ചേർന്നുള്ള ക്രീക്ക് മേഖലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പാകിസ്ഥാന്റേതെന്ന് സംശയിക്കുന്ന മത്സ്യബന്ധന ബോട്ട് കണ്ടെത്തി. അതിർത്തി സുരക്ഷാ സേന (BSF) നടത്തിയ പട്രോളിംഗിനിടെയാണ് ബോട്ട് കണ്ടെത്തിയത്.
ബോട്ടിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ മത്സ്യബന്ധന ഉപകരണങ്ങൾ മാത്രമാണ് കണ്ടെത്തിയതെന്ന് അധികൃതർ അറിയിച്ചു. സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയിട്ടില്ല. ഇന്ത്യ–പാകിസ്ഥാൻ സമുദ്ര അതിർത്തിക്ക് സമീപമുള്ള പ്രദേശത്തായിരുന്നു ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് മേഖലയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബോട്ടിന്റെ ഉടമസ്ഥതയും അതിർത്തി ലംഘനവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളും അന്വേഷിച്ച് വരികയാണെന്ന് ബി എസ് എഫ് അറിയിച്ചു. പാകിസ്ഥാൻ മത്സ്യത്തൊഴിലാളികൾ ഇന്ത്യൻ ജലപരിധിയിലേക്ക് കടന്ന് മത്സ്യബന്ധനം നടത്തുകയും സുരക്ഷാസേനയെ കണ്ടാൽ ബോട്ടുകൾ ഉപേക്ഷിച്ച് മടങ്ങുകയും ചെയ്യുന്ന സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

