ഇസ്ലാമാബാദ്: പാകിസ്ഥാനിലെ പെഷാവറിലുള്ള അമേരിക്കൻ കോൺസുലേറ്റ് ഘട്ടംഘട്ടമായി അടയ്ക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രഖ്യാപിച്ചു. നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയും വിഭവങ്ങളുടെ കാര്യക്ഷമ വിനിയോഗവും പരിഗണിച്ചാണ് തീരുമാനമെന്ന് അമേരിക്ക വ്യക്തമാക്കി.
കോൺസുലേറ്റിന്റെ പ്രവർത്തനങ്ങളും ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയുമായി ബന്ധപ്പെട്ട നയതന്ത്ര ചുമതലകളും ഇനി ഇസ്ലാമാബാദിലെ യു.എസ് എംബസിയിലേക്ക് മാറ്റും. അമേരിക്കയുടെ അഫ്ഗാൻ അതിർത്തിക്ക് ഏറ്റവും സമീപമുള്ള നയതന്ത്ര കേന്ദ്രങ്ങളിലൊന്നായിരുന്നു പെഷാവർ കോൺസുലേറ്റ്.
കഴിഞ്ഞ മാർച്ചിൽ പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലുണ്ടായ അമേരിക്ക വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ പെഷാവർ കോൺസുലേറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചിരുന്നു. സുരക്ഷാ ഭീഷണികൾ ഉയർന്ന സാഹചര്യത്തിലാണ് ഇപ്പോഴത്തെ സ്ഥിരം അടച്ചുപൂട്ടൽ നടപടികളിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
കോൺസുലേറ്റ് അടച്ചുപൂട്ടുന്നതിലൂടെ പ്രതിവർഷം ഏകദേശം 7.5 മില്യൺ ഡോളർ ലാഭിക്കാനാകുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ അവിടെ പ്രവർത്തിക്കുന്ന അമേരിക്കൻ, പ്രാദേശിക ജീവനക്കാരുടെ പുനഃക്രമീകരണ നടപടികളും പുരോഗമിക്കുകയാണ്.

