തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ തുടരുന്നതിനിടെ എഐസിസി നിരീക്ഷകർ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. മുസ്ലിം ലീഗ് നേതാക്കളുമായും നിരീക്ഷകർ ചർച്ച നടത്തുമെന്നാണ് റിപ്പോർട്ട്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വി.ഡി. സതീശന് പിന്തുണയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ നേരത്തെ രംഗത്തെത്തിയിരുന്നു. അതിന് പിന്നാലെ മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ.എം. ഷാജിയും സതീശനെ അനുകൂലിച്ച് പ്രതികരിച്ചു.
പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി. സതീശൻ ചുമതല ഫലപ്രദമായി നിർവഹിച്ചുവെന്നും യുഡിഎഫിന്റെ വലിയ വിജയത്തിന് അതാണ് കാരണമെന്നും കെ.എം. ഷാജി പറഞ്ഞു. അനാവശ്യ തർക്കങ്ങൾ ഒഴിവാക്കി ജനങ്ങൾ നൽകിയ 102 സീറ്റുകളുടെ ഉത്തരവാദിത്വം യുഡിഎഫ് നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

