ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ സർക്കാർ രൂപീകരിക്കട്ടെയെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയോ ഉടൻ മറ്റൊരു തെരഞ്ഞെടുപ്പോ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറുമാസം പുതിയ സർക്കാരിന്റെ പ്രവർത്തനം നിരീക്ഷിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.
ഡിഎംകെ സർക്കാർ ആരംഭിച്ച ജനക്ഷേമ പദ്ധതികൾ പുതിയ സർക്കാർ തുടരണമെന്നും, പ്രത്യേകിച്ച് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി നിലനിർത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു. കുട്ടികൾക്ക് പ്രയോജനപ്പെടുന്ന പദ്ധതികൾ രാഷ്ട്രീയ മാറ്റങ്ങളുടെ പേരിൽ നിർത്തരുതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ടിവികെ–കോൺഗ്രസ് സഖ്യ സർക്കാരിനെതിരെ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിക്കാൻ സാധ്യതയുണ്ടെന്ന രാഷ്ട്രീയ ചർച്ചകൾക്കിടെയാണ് സ്റ്റാലിന്റെ പ്രതികരണം. അതേസമയം, സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഗവർണറുടെ നിലപാടിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ലെന്ന് കോൺഗ്രസ് എംപി ജ്യോതിമണി പറഞ്ഞു.
സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി ടിവികെ നേതാവ് വിജയ് ഗവർണർ രാജേന്ദ്ര ആർലേക്കർനെ നേരത്തെ കണ്ടിരുന്നു. 118 എംഎൽഎമാരുടെ പിന്തുണക്കത്ത് സമർപ്പിക്കണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു.

