‘പുറത്താക്കിയാൽ പുറത്താക്കട്ടെ’; രാജിവയ്ക്കില്ലെന്ന് മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ആവർത്തിച്ചു. “എന്നെ പുറത്താക്കണമെങ്കിൽ പുറത്താക്കട്ടെ, ഞാൻ രാജിവയ്ക്കില്ല” എന്നാണ് പാർട്ടി എംഎൽഎമാരുടെ യോഗത്തിൽ മമത പറഞ്ഞത്.

തിരഞ്ഞെടുപ്പ് ഫലം ഗൂഢാലോചനയുടെ ഭാഗമാണെന്നും ജനവിധി അട്ടിമറിക്കപ്പെട്ടുവെന്നും മമത ആരോപിച്ചു. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മിഷനും ചേർന്നാണ് തെരഞ്ഞെടുപ്പ് “കവർന്നെടുത്തത്” എന്നായിരുന്നു അവരുടെ ആരോപണം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തൃണമൂൽ എംഎൽഎമാരോട് പ്രതിഷേധ സൂചകമായി കറുത്ത വസ്ത്രം ധരിക്കാനും അവർ നിർദേശിച്ചു.

അംഗ നിയമസഭയിൽ ബിജെപി 207 സീറ്റുകൾ നേടി വ്യക്തമായ ഭൂരിപക്ഷം നേടിയ സാഹചര്യത്തിലാണ് മമതയുടെ നിലപാട് രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയത്. തൃണമൂൽ കോൺഗ്രസിന് 80 സീറ്റുകളാണ് ലഭിച്ചത്.

മുഖ്യമന്ത്രി രാജിവെക്കാത്ത സാഹചര്യത്തിൽ ഭരണഘടനാപരമായ നടപടികൾ എന്താകുമെന്ന ചർച്ചയും ശക്തമായിട്ടുണ്ട്. ഭൂരിപക്ഷം നേടിയ പാർട്ടിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിക്കേണ്ടതുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ ഗവർണറുടെ ഇടപെടൽ നിർണായകമാകാമെന്നും ഭരണഘടനാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *