പോലീസ് വാഹനവ്യൂഹം പിൻവലിച്ചു; മുഖ്യമന്ത്രിയായ ശേഷം മതിയെന്ന് വിജയ്

ചെന്നൈ: ടിവികെ നേതാവും നടനുമായ വിജയിന് അനുവദിച്ചിരുന്ന പ്രത്യേക പോലീസ് വാഹനവ്യൂഹം പിൻവലിച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം കോൺവോയ് മതിയെന്ന് വിജയ് അറിയിച്ചതിനെ തുടർന്നാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിൽ വലിയ വിജയം നേടിയതിന് പിന്നാലെയായിരുന്നു വിജയിന് പ്രത്യേക വാഹനവ്യൂഹം ഒരുക്കിയിരുന്നത്.

അതേസമയം തമിഴ്നാട്ടിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമായിരിക്കുകയാണ്. ടിവികെ–കോൺഗ്രസ് സഖ്യത്തിനെതിരെ കൈകോർക്കാൻ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിക്കുന്നുവെന്ന സൂചനകൾക്കിടെ എഐഎഡിഎംകെ എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി. കൂറുമാറ്റ സാധ്യത ഒഴിവാക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ട്.

ഡിഎംകെയും എഐഎഡിഎംകെയും തമ്മിൽ സഖ്യ ചർച്ചകൾ ആരംഭിച്ചതായും ഇരു പാർട്ടികളുടെയും നേതാക്കൾ പരസ്പരം ബന്ധപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ദ്രാവിഡ പാർട്ടികളുടെ ബദൽ മുന്നോട്ടുവച്ച് ടിവികെയെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുകയെന്ന ലക്ഷ്യമാണ് നീക്കങ്ങൾക്ക് പിന്നിലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *