118 എംഎൽഎമാരുടെ പിന്തുണ തെളിയിക്കണം; വിജയിയെ വീണ്ടും മടക്കി ഗവർണർ

ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെ നേതാവ് വിജയ് വീണ്ടും ഗവർണർ രാജേന്ദ്ര അർലേക്കർനെ കണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല. സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദവുമായി എത്തിയ വിജയിനോട് 118 എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്ത് സമർപ്പിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയിയുടെ പാർട്ടി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ രൂപീകരണത്തിന് അനുമതി തേടി അദ്ദേഹം വീണ്ടും ഗവർണറെ കണ്ടത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ തയാറാണെന്ന് വിജയ് ഗവർണറെ അറിയിച്ചതായും റിപ്പോർട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 11ഓടെയായിരുന്നു കൂടിക്കാഴ്ച.

നിലവിൽ വിജയിക്ക് 113 എംഎൽഎമാരുടെ പിന്തുണ മാത്രമാണുള്ളത്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 അംഗങ്ങളുടെ പിന്തുണ എങ്ങനെ ഉറപ്പാക്കുമെന്നതും മറ്റു ഏത് പാർട്ടികളാണ് പിന്തുണ നൽകുന്നതെന്നും ഗവർണർ ചോദിച്ചതായാണ് വിവരം.

അതേസമയം, ഗവർണറുടെ നിലപാടിനെതിരെ ഇപ്പോൾ കോടതിയെ സമീപിക്കില്ലെന്ന സൂചനയാണ് ടിവികെ നൽകുന്നത്. വിശ്വാസ വോട്ടെടുപ്പ് നേരിടാൻ തയാറാണെന്നും വിജയ് അറിയിച്ചതായി വൃത്തങ്ങൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *