മെൽബൺ: ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിക്കുന്ന ശീതക്കാറ്റിനെത്തുടർന്ന് വിവിധയിടങ്ങളിൽ കനത്ത മഞ്ഞുവീഴ്ച. ശൈത്യകാലത്തിന് മുന്നോടിയായി എത്തിയ ഈ തണുപ്പ് തരംഗം വിക്ടോറിയ, ടാസ്മാനിയ, ന്യൂ സൗത്ത് വെയ്ൽസ്, എസിടി, സൗത്ത് ഓസ്ട്രേലിയയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ താപനില ഗണ്യമായി കുറച്ചു. പലയിടങ്ങളിലും ശരാശരി താപനിലയേക്കാൾ 2 ഡിഗ്രി മുതൽ 8 ഡിഗ്രി വരെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
വിക്ടോറിയയിൽ സമുദ്രനിരപ്പിൽ നിന്ന് വെറും 400 മീറ്റർ ഉയരമുള്ള പ്രദേശങ്ങളിൽ പോലും മഞ്ഞുവീഴ്ചയുണ്ടായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Bureau of Meteorology) അറിയിച്ചു. അപ്രതീക്ഷിതമായുണ്ടായ ഈ മാറ്റം ജനജീവിതത്തെ ബാധിച്ചെങ്കിലും സ്കീയിംഗ് പ്രേമികൾക്കും ടൂറിസം മേഖലയ്ക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. മൗണ്ട് ബുള്ളർ, മൗണ്ട് ഹൊതാം, ഫാൾസ് ക്രീക്ക്, ത്രെഡ്ബോ തുടങ്ങിയ പ്രശസ്തമായ സ്കീ റിസോർട്ടുകളെല്ലാം മഞ്ഞിൽ പുതച്ചു കഴിഞ്ഞു.
മഞ്ഞുവീഴ്ച കുറവുള്ളയിടങ്ങളിൽ ‘സ്നോ ഗണ്ണുകൾ’ ഉപയോഗിച്ച് കൃത്രിമ മഞ്ഞ് നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ റിസോർട്ടുകൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. മൈനസ് 5 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നതോടെ ഈ ശ്രമങ്ങൾ വിജയിച്ചതായി മൗണ്ട് ബുള്ളർ അധികൃതർ അറിയിച്ചു. ഒരാഴ്ച മുൻപ് വരെ ചൂടുള്ള കാലാവസ്ഥയായിരുന്നടത്താണ് പെട്ടെന്നുള്ള ഈ മാറ്റമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സിഡ്നിയിൽ വരും ദിവസങ്ങളിൽ തണുപ്പുള്ള പ്രഭാതങ്ങളായിരിക്കും അനുഭവപ്പെടുക. സിഡ്നിയിൽ വെള്ളിയാഴ്ച കുറഞ്ഞ താപനില 9 ഡിഗ്രിയും കൂടിയത് 21 ഡിഗ്രിയും ആയിരിക്കും. മെൽബണിൽ വെള്ളിയാഴ്ച 10 മുതൽ 16 ഡിഗ്രി വരെയാകാനാണ് സാധ്യത. ക്വീൻസ്ലൻഡ്, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ വലിയ മാറ്റമില്ലാതെ 20 ഡിഗ്രിക്ക് മുകളിൽ താപനില തുടരും. ശൈത്യകാലം അടുക്കുന്നതോടെ രാത്രിയുടെ ദൈർഘ്യം കൂടുന്നതും തണുത്ത കാറ്റ് വീശുന്നതും സ്വാഭാവികമാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ആംഗസ് ഹെയ്ൻസ് പറഞ്ഞു

