രാജസ്ഥാനിലെ ജൽ ജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട 900 കോടി രൂപയുടെ അഴിമതിക്കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ മഹേഷ് ജോഷിയെ അറസ്റ്റ് ചെയ്തു. ജയ്പൂരിലെ വസതിയിൽ നിന്നാണ് രാജസ്ഥാൻ അഴിമതി വിരുദ്ധ ബ്യൂറോ (ACB) പ്രത്യേക അന്വേഷണസംഘം മഹേഷ് ജോഷിയെ കസ്റ്റഡിയിലെടുത്തത്.
അശോക് ഗെഹ്ലോട്ട് സർക്കാരിൽ പൊതുജനാരോഗ്യ എഞ്ചിനീയറിങ് വകുപ്പ് (PHED) മന്ത്രിയായിരുന്ന മഹേഷ് ജോഷിക്കെതിരെ ടെൻഡർ ക്രമക്കേട്, സ്വാധീനം ദുരുപയോഗം ചെയ്ത് കരാറുകൾ അനുവദിക്കൽ, കൈക്കൂലി വാങ്ങൽ തുടങ്ങിയ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയിൽ വ്യാജ രേഖകളും പൂർത്തീകരണ സർട്ടിഫിക്കറ്റുകളും ഉപയോഗിച്ച് ഏകദേശം 900 മുതൽ 960 കോടി രൂപ വരെയുള്ള കരാറുകൾ ചില കമ്പനികൾ നേടിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
കേസുമായി ബന്ധപ്പെട്ട് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ സുബോധ് അഗർവാൾ ഉൾപ്പെടെ നിരവധി ഉദ്യോഗസ്ഥരെയും കരാറുകാരെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 22 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചില പ്രതികൾ ഇപ്പോഴും ഒളിവിലാണെന്നും അന്വേഷണസംഘം അറിയിച്ചു.
ഇതേ കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) 2025-ൽ മഹേഷ് ജോഷിയെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇപ്പോഴത്തെ അറസ്റ്റ് എസിബി രജിസ്റ്റർ ചെയ്ത പ്രത്യേക അഴിമതിക്കേസുമായി ബന്ധപ്പെട്ടതാണ്.

