സുസ്ഥിര സുഗന്ധവ്യഞ്ജന വ്യാപാരത്തിന് ഇന്ത്യ-നെതർലൻഡ്‌സ് സെമിനാർ

ആഗോള സുഗന്ധവ്യഞ്ജന വ്യാപാര രംഗത്ത് സുസ്ഥിരത, ട്രേസബിലിറ്റി, കർശന ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ നിർണായകമാകുന്ന സാഹചര്യത്തിൽ ഇന്ത്യ-നെതർലൻഡ്‌സ് സംയുക്ത സെമിനാർ കൊച്ചിയിൽ സംഘടിപ്പിച്ചു. ‘സസ്റ്റെയിനബിൾ സ്‌പൈസ് വാല്യു ചെയിൻസ്’ എന്ന വിഷയത്തെ ആസ്പദമാക്കി ലെ മെറിഡിയനിൽ നടന്ന പരിപാടിയിൽ വ്യവസായ രംഗത്തെ പ്രമുഖരും കർഷക സംഘടനാ പ്രതിനിധികളും പങ്കെടുത്തു.

ദക്ഷിണേന്ത്യയ്ക്കുള്ള നെതർലൻഡ്‌സ് കോൺസൽ ജനറൽ Ewout de Wit ഉദ്ഘാടനം നിർവഹിച്ചു. ആഗോള വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ഗുണനിലവാര ഉറപ്പാക്കൽ, സർട്ടിഫിക്കേഷൻ, ട്രേസബിലിറ്റി സംവിധാനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചെറുകിട കർഷകരുടെ ശാക്തീകരണം, സ്ത്രീപങ്കാളിത്തം, ന്യായമായ വേതനം എന്നിവയും സുസ്ഥിര വ്യാപാരത്തിന്റെ ഭാഗമാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വേൾഡ് സ്‌പൈസ് ഓർഗനൈസേഷനും നെതർലൻഡ്‌സ് കോൺസുലേറ്റും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. കയറ്റുമതിക്കാർ, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, അന്താരാഷ്ട്ര ഏജൻസികൾ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത ചർച്ചയിൽ യൂറോപ്യൻ വിപണിയിലെ പുതിയ നിയന്ത്രണങ്ങളും സുസ്ഥിര കൃഷിരീതികളും പ്രധാന വിഷയങ്ങളായി.

2019ൽ ആരംഭിച്ച നാഷണൽ സസ്റ്റെയിനബിൾ സ്‌പൈസസ് പ്രോഗ്രാമിന്റെ പുരോഗതിയും സെമിനാറിൽ അവതരിപ്പിച്ചു. മുളക്, മഞ്ഞൾ, കുരുമുളക്, ജീരകം, മല്ലി എന്നിവയുടെ കൃഷിയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 35,000ത്തിലധികം കർഷകർ പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *