തെലങ്കാനയിലെ വാറങ്കൽ ജില്ലയിൽ 800 വർഷത്തോളം പഴക്കമുള്ള കാകതീയകാല ശിവക്ഷേത്രം പൊളിച്ചുനീക്കിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. ഖാനാപുർ മണ്ഡലിലെ അശോക് നഗർ ഗ്രാമത്തിലുള്ള ക്ഷേത്രമാണ് സർക്കാർ ഇന്റഗ്രേറ്റഡ് സ്കൂൾ പദ്ധതിക്കായുള്ള ഭൂമി നിരപ്പാക്കൽ ജോലികൾക്കിടെ തകർത്തതെന്നാണ് ആരോപണം.
113- ാം നൂറ്റാണ്ടിൽ കാകതീയ ഭരണാധികാരിയായ ഗണപതി ദേവന്റെ കാലഘട്ടത്തിൽ നിർമ്മിച്ചതായി കരുതുന്ന ക്ഷേത്രം ചരിത്രപ്രാധാന്യമുള്ള “കോട്ട കട്ട” മൺകോട്ട പ്രദേശത്തിനുള്ളിലായിരുന്നു സ്ഥിതി ചെയ്തിരുന്നത്. 1231-ലെ അപൂർവ തെലുങ്ക് ശിലാലിഖിതവും ഇവിടെ ഉണ്ടായിരുന്നുവെന്ന് ചരിത്ര ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തെ തുടർന്ന് പ്രദേശവാസികളും പൈതൃക സംരക്ഷണ പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പുരാവസ്തു വകുപ്പിന്റെ അനുമതിയില്ലാതെ ക്ഷേത്രം തകർത്തുവെന്നാണ് ആരോപണം. വിഷയത്തിൽ ദേശീയ സ്മാരക അതോറിറ്റിക്ക് പരാതി നൽകിയതിനെ തുടർന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയവും പുരാവസ്തു വകുപ്പും കേസ് രജിസ്റ്റർ ചെയ്തതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ക്ഷേത്രം മനപ്പൂർവം തകർത്തിട്ടില്ലെന്ന വിശദീകരണമാണ് ജില്ലാ ഭരണകൂടം നൽകുന്നത്. സ്ഥലത്ത് പഴക്കംചെന്ന അവശിഷ്ടങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
വിവാദം ശക്തമായതോടെ വാറങ്കൽ ജില്ലാ കളക്ടർ ഡോ. സത്യ ശരദയും നർസംപേട്ട് എംഎൽഎ ദോന്തി മാധവ റെഡ്ഡിയും സ്ഥലം സന്ദർശിച്ചു. ചരിത്രവിദഗ്ധരുടെയും പരമ്പരാഗത ക്ഷേത്ര ശിൽപ്പികളുടെയും പുരാവസ്തു വകുപ്പിന്റെയും സഹകരണത്തോടെ അതേ സ്ഥലത്ത് ക്ഷേത്രം പുനർനിർമിക്കുമെന്ന് അവർ ഉറപ്പുനൽകി.

