ഇന്ത്യ-പാക് സംഘർഷത്തിൽ പാക്കിസ്ഥാനെ സഹായിച്ചെന്ന് ചൈനയുടെ വെളിപ്പെടുത്തൽ

കഴിഞ്ഞ വർഷം നടന്ന ഇന്ത്യ-പാക് സംഘർഷത്തിനിടെ പാക്കിസ്ഥാനെ യുദ്ധഭൂമിയിൽ സാങ്കേതികമായി സഹായിച്ചിരുന്നുവെന്ന് ചൈന ആദ്യമായി പരസ്യമായി സമ്മതിച്ചു. ചൈനയുടെ സർക്കാർ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന (AVIC) ചെങ്ക്ദു എയർക്രാഫ്റ്റ് ഡിസൈൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ എൻജിനിയറായ ഷാങ് ഹെങ് നൽകിയ അഭിമുഖമാണ് ചർച്ചകൾക്ക് വഴിവെച്ചത്. കഴിഞ്ഞ മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ നാലുദിവസത്തെ സൈനിക സംഘർഷത്തിനിടെ പാക്കിസ്ഥാനിൽ നേരിട്ടെത്തി സാങ്കേതിക സഹായം നൽകിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

പാക്കിസ്ഥാൻ വ്യോമസേന ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിത ജെ-10സിഇ യുദ്ധവിമാനങ്ങൾ പൂർണ യുദ്ധസജ്ജതയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായാണ് സംഘം പ്രവർത്തിച്ചതെന്ന് ഷാങ് ഹെങ് പറഞ്ഞു. യുദ്ധവിമാനങ്ങൾ പറന്നുയരുന്ന ശബ്ദവും നിരന്തരം മുഴങ്ങുന്ന എയർ റെയ്ഡ് സൈറണുകളും കേട്ട സാഹചര്യത്തിലാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

മേഖലയിലെ ഉയർന്ന താപനിലയും കടുത്ത സമ്മർദ്ദവും നേരിട്ടുവെങ്കിലും യുദ്ധോപകരണങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തിക്കണമെന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനമെന്ന് ചൈനീസ് എൻജിനിയർ പറഞ്ഞു. പാക്കിസ്ഥാനുമായി ചൈനയ്ക്കുള്ള പ്രതിരോധ സഹകരണത്തിന്റെ ആഴം ഈ സംഭവത്തിലൂടെ വ്യക്തമാകുന്നതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ചൈനയുടെ ഈ വെളിപ്പെടുത്തൽ ഇന്ത്യ-ചൈന, ഇന്ത്യ-പാക് ബന്ധങ്ങളിൽ പുതിയ നയതന്ത്ര ചർച്ചകൾക്കും സുരക്ഷാ ആശങ്കകൾക്കും വഴിവയ്ക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *