തമിഴ്നാട്ടിൽ ദീർഘകാല സഖ്യമായിരുന്ന കോൺഗ്രസുമായി ഡിഎംകെ ഔദ്യോഗികമായി വേർപിരിഞ്ഞു. ലോക്‌സഭയിൽ കോൺഗ്രസ് അംഗങ്ങളിൽ നിന്ന് വേർതിരിച്ചിരുത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ എംപി കനിമൊഴി ലോക്‌സഭാ സ്പീക്കർ ഓം ബിർലയ്ക്ക് കത്തയച്ചതോടെയാണ് രാഷ്ട്രീയ വേർപാട് പരസ്യമായത്.
മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ” മൂലം കോൺഗ്രസിനൊപ്പമുള്ള നിലവിലെ ഇരിപ്പിട ക്രമീകരണം തുടരുന്നത് ഉചിതമല്ലെന്നാണ് കനിമൊഴി കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഡിഎംകെ അംഗങ്ങൾക്ക് പ്രത്യേക സീറ്റിംഗ് ക്രമീകരണം ഒരുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസ് വിജയ് നയിക്കുന്ന ടിവികെയെ പിന്തുണച്ചതാണ് ഡിഎംകെ-കോൺഗ്രസ് ബന്ധത്തിൽ വിള്ളൽ ഉണ്ടാക്കിയത്. 11 വർഷത്തിലേറെ നീണ്ട സഖ്യം അവസാനിപ്പിച്ച കോൺഗ്രസ്, ടിവികെയുമായി ദീർഘകാല രാഷ്ട്രീയ സഹകരണം ലക്ഷ്യമിടുന്നതായി പ്രഖ്യാപിച്ചിരുന്നു
കോൺഗ്രസിന്റെ നീക്കത്തെ ഡിഎംകെ നേതാക്കൾ “രാഷ്ട്രീയ വഞ്ചന”യും “പുറകിൽ കുത്തൽ” എന്നും വിശേഷിപ്പിച്ചു. അതേസമയം, ബിജെപിയെയും അവരുടെ അനുകൂല ശക്തികളെയും അധികാരത്തിൽ നിന്ന് അകറ്റാനാണ് പുതിയ രാഷ്ട്രീയ നിലപാടെന്ന് കോൺഗ്രസ് വിശദീകരിച്ചു.
ഇന്ത്യാ സഖ്യത്തിനുള്ളിൽ ഈ സംഭവവികാസം വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ. ദേശീയതലത്തിലുള്ള പ്രതിപക്ഷ ഐക്യത്തിൽ ഇതോടെ കൂടുതൽ ആശയക്കുഴപ്പം ഉണ്ടാകുമെന്ന നിരീക്ഷണവും ശക്തമാണ്.

