ഭൂരിപക്ഷം തെളിയിക്കാതെ ഗവർണറുടെ ക്ഷണം ഇല്ല; പിന്തുണയ്ക്കായി വിജയിയുടെ നീക്കങ്ങൾ തുടരുന്നു

തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ, തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ് ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കേവല ഭൂരിപക്ഷം നേടാനാകാത്തതിനാൽ ഗവർണർ ആർ.എൻ. അർലേക്കർ സർക്കാർ രൂപീകരിക്കാൻ ഇതുവരെ ക്ഷണിച്ചിട്ടില്ല.

234 അംഗ നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ 118 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. തിരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടിയ ടിവികെക്ക് കോൺഗ്രസ്, സിപിഎം, സിപിഐ എന്നീ കക്ഷികളുടെ പുറത്തുനിന്നുള്ള പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ സംഖ്യ തികയാത്ത നിലയാണ്. 116 അംഗങ്ങളുടെ പിന്തുണക്കത്താണ് വിജയ് ഗവർണർക്ക് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ.

രണ്ട് അംഗങ്ങൾ വീതമുള്ള വിടുതലൈ ചിരുതൈഗൾ കക്ഷിയുടെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയും ടിവികെ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ പിന്തുണ നൽകിയിട്ടില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് ഖാദർ മൊയ്തീൻ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, വിജയിനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തത് ഭരണഘടനാ ലംഘനമാണെന്നാരോപിച്ച് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ആദ്യം സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുകയും തുടർന്ന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകുകയും ചെയ്യേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബിജെപിയുടെ വളർച്ച തടയാനാണ് ടിവികെയെ പിന്തുണയ്ക്കുന്നതെന്ന് ഇടതുകക്ഷികൾ വ്യക്തമാക്കി. മന്ത്രിസഭയിൽ പങ്കെടുക്കില്ലെന്നും പുറത്തുനിന്ന് മാത്രമേ പിന്തുണ നൽകുകയുള്ളുവെന്നും സിപിഎം, സിപിഐ നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *