ഹോർമുസ് കടലിടുക്കിൽ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടതായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ കോൺസുലേറ്റ്, മരിച്ചയാളുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് അറിയിച്ചു.
കടലിൽ ഉണ്ടായ ആക്രമണത്തിനിടെ ഒരു ഇന്ത്യൻ കപ്പൽ ജീവനക്കാരൻ മരിച്ചതായി കോൺസുലേറ്റ് എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ട കുറിപ്പിൽ അറിയിച്ചു. കപ്പൽ ഉടമകളുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും വിഷയത്തിൽ ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.
ഗുജറാത്തിലെ ദ്വാർക ജില്ല സ്വദേശിയായ അൽതാഫ് തലാബ് കേർ എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘അൽ ഫൈസ് നൂർ സുലൈമാനി-1’ എന്ന ധൗവിലാണ് സംഭവം നടന്നത്. വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.
അമേരിക്ക-ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിൽ സുരക്ഷാ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സംഭവം. ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതകളിലൊന്നായ ഈ മേഖലയിലെ സംഘർഷം വ്യാപാര കപ്പൽ ഗതാഗതത്തെയും ബാധിക്കുന്നതായി അന്താരാഷ്ട്ര റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

