ചണ്ഡീഗഢ്: ഓപ്പറേഷൻ സിന്ദൂറിന് ശേഷമുള്ള സൈനിക സാഹചര്യങ്ങളെ തുടർന്ന് ഇന്ത്യക്കെതിരെ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ചാരപ്രവർത്തനം ശക്തമാക്കിയതായി പഞ്ചാബ് പോലീസിന്റെ റിപ്പോർട്ട്. 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പരിശോധനകളിൽ പാകിസ്ഥാനുമായി ബന്ധമുള്ള 457 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
സൈനിക നീക്കങ്ങൾ, അതിർത്തി വിന്യാസങ്ങൾ, തന്ത്രപ്രധാന കേന്ദ്രങ്ങളിലെ വിവരങ്ങൾ എന്നിവ ശേഖരിക്കാൻ ഐഎസ്ഐ കൂടുതൽ സജീവമായി പ്രവർത്തിച്ചുവെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സോഷ്യൽ മീഡിയ, ഹണിട്രാപ്പ്, സാമ്പത്തിക പ്രലോഭനങ്ങൾ എന്നിവ വഴിയാണ് ആളുകളെ ചാരപ്രവർത്തനത്തിലേക്ക് ആകർഷിച്ചതെന്നും പണം ഹവാല ഇടപാടുകളിലൂടെയും എൻക്രിപ്റ്റഡ് ആപ്പുകളിലൂടെയും കൈമാറിയതായും കണ്ടെത്തിയിട്ടുണ്ട്.
സൈനിക കേന്ദ്രങ്ങൾക്കും പോലീസ് സ്റ്റേഷനുകൾക്കും സമീപം സിം സൗകര്യമുള്ള സോളാർ സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അതിർത്തിക്കപ്പുറത്തേക്ക് ദൃശ്യങ്ങൾ കൈമാറാനുള്ള ശ്രമങ്ങളും കണ്ടെത്തിയതായി പഞ്ചാബ് പോലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം അറിയിച്ചു. 2026 മാർച്ച്, ഏപ്രിൽ മാസങ്ങളിലായി ഇത്തരം നിരവധി നീക്കങ്ങൾ തടഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് നൽകിയ വിവരങ്ങൾ പ്രകാരം, പഞ്ചാബ് പോലീസിന്റെ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും അന്വേഷണങ്ങൾ ശക്തിപ്പെട്ടത്. പഞ്ചാബ് ഇപ്പോഴും ഐഎസ്ഐയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെങ്കിലും നിർണായക വിവരങ്ങൾ ചോരുന്നത് തടയാൻ കഴിഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.
ഹരിയാന, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, തെലങ്കാന, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചതായും സുരക്ഷാ ഏജൻസികൾ രാജ്യവ്യാപക ജാഗ്രത നിർദേശം നൽകിയതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

