തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികളുടെ ഭാഗമായി കെഎസ്ആർടിസി ലിംഗാടിസ്ഥാനത്തിലുള്ള യാത്രക്കാരുടെ കണക്കെടുപ്പ് ആരംഭിച്ചു. ഇതിനായി ഇലക്ട്രോണിക് ടിക്കറ്റിംഗ് മെഷീനുകളിൽ (ETM) പ്രത്യേക സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
പുതിയ സംവിധാനപ്രകാരം ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് കണ്ടക്ടർമാർ മെഷീനിൽ രേഖപ്പെടുത്തണം. ഓരോ റൂട്ടിലും എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നു എന്നതിന്റെ കൃത്യമായ വിവരശേഖരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പിലാക്കിയാൽ കെഎസ്ആർടിസിക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത കണക്കാക്കുന്നതിനും സബ്സിഡി ചെലവുകൾ വിലയിരുത്തുന്നതിനുമാണ് ഈ ഡാറ്റ ശേഖരണം നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി. യുഡിഎഫിന്റെ ‘ഇന്ദിര ഗ്യാരണ്ടി’ പദ്ധതിയുടെ ഭാഗമായാണ് സൗജന്യ യാത്ര വാഗ്ദാനം പ്രഖ്യാപിച്ചിരുന്നത്.
കെഎസ്ആർടിസി ഐടി വിഭാഗത്തിന്റെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ എല്ലാ ഡിപ്പോകൾക്കും പുതിയ സംവിധാനം നടപ്പിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കണ്ടക്ടർമാർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്. ദിവസേന ഏകദേശം 29 ലക്ഷം പേർ കെഎസ്ആർടിസി ബസുകളിൽ യാത്ര ചെയ്യുന്നുവെന്നും അതിൽ വലിയൊരു വിഭാഗം സ്ത്രീകളാണെന്നുമാണ് യൂണിയൻ കണക്കുകൾ സൂചിപ്പിക്കുന്നത്.
കർണാടകയിലും തമിഴ്നാട്ടിലും സമാനമായ സൗജന്യ ബസ് യാത്രാ പദ്ധതികൾ നിലവിലുണ്ടെന്നും കേരളത്തിലും പുതിയ സർക്കാർ അധികാരമേൽക്കുന്നതിനുശേഷം പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

