കൊച്ചി: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമ സഹസംവിധായകനെതിരെ മരട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ജോജോ മോൻ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് കേസ് എടുത്തത്.
മോഡലായ യുവതിയുടെ പരാതിപ്രകാരം, ഡേറ്റിംഗ് ആപ്പായ ബംബിൾ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നൽകി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്നും, പിന്നീട് പ്രതി മുമ്പ് രണ്ടു വിവാഹം കഴിച്ച വിവരം മറച്ചുവച്ചതായും പരാതിയിൽ പറയുന്നു.
ലൈംഗിക ബന്ധത്തിന് സമ്മതിക്കാതിരുന്നതിനെ തുടർന്ന് പ്രതി ക്രൂരമായി മർദിച്ചുവെന്നും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിട്ടുണ്ട്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിലായതായും റിപ്പോർട്ടുണ്ട്.
അതേസമയം, പ്രതിക്ക് ഒളിവിൽ കഴിയാൻ ചില പൊലീസ് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

