കൂടിയാട്ട ചരിത്രത്തിൽ ആദ്യമായി കാരിക്കാൽ അമ്മയാരുടെ കഥ; കപില വേണുവിന്റെ ‘ശൈവക്കൂത്ത്’ സിഡ്‌നി ഫെസ്റ്റിവലിൽ അരങ്ങേറുന്നു

സിഡ്നി: യുനെസ്കോയുടെ അംഗീകാരമുള്ള രണ്ടായിരത്തിലധികം വർഷം പഴക്കമുള്ള പ്രാചീന രംഗകലയായ കൂടിയാട്ടത്തിന്റെ ചരിത്രത്തിലാദ്യമായി തമിഴ് സന്യാസിനി തിരു കാരിക്കാൽ അമ്മയാരുടെ ജീവിതം ദൃശ്യാവിഷ്കാരമാകുന്നു. പ്രശസ്ത കൂടിയാട്ടം കലാകാരി കപില വേണു അവതരിപ്പിക്കുന്ന ‘ശൈവക്കൂത്ത്’ എന്ന നൃത്തനാടകം സിഡ്നി ഫെസ്റ്റിവൽ 2027-ൽ വേദിയിലെത്തും. സിഡ്നി ഫെസ്റ്റിവലും പവർഹൗസ് പാരാമറ്റയും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

ഏഴാം വയസ്സുമുതൽ കൂടിയാട്ടത്തിൽ പരിശീലനം നേടിയ കപില വേണു, പ്രാചീന തമിഴ് ഭക്തികാവ്യത്തിന് സമകാലിക സ്പർശം നൽകിയാണ് ഈ നൃത്തനാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ കവയിത്രിയും ശിവഭക്തയുമായിരുന്ന തിരു കാരിക്കാൽ അമ്മയാരുടെ ആത്മീയ അനുഭവങ്ങളും ശിവനോടുള്ള തീവ്രഭക്തിയും മോക്ഷത്തിലേക്കുള്ള പ്രയാണവുമാണ് ശൈവക്കൂത്തിന്റെ ഇതിവൃത്തം. തമിഴിൽ ആലപിക്കുന്ന ഗാനങ്ങളിലൂടെ ഭാവസാന്ദ്രമായ രീതിയിലാണ് കഥാവിഷ്കാരം വേദിയിലെത്തുന്നത്. കൂടിയാട്ടത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഈ പുണ്യചരിതം രംഗഭാഷയായി മാറുന്നത്.

2027 ജനുവരി 14 മുതൽ 16 വരെ പവർഹൗസ് പാരാമറ്റയിലാണ് മൂന്ന് സെഷനുകളിലായി ‘ശൈവക്കൂത്ത്’ അരങ്ങേറുക. പരിപാടിയുടെ ടിക്കറ്റ് നിരക്ക് 44 ഡോളർ മുതൽ 49.90 ഡോളർ വരെയാണ്. ടിക്കറ്റുകൾ 2026 ഒക്ടോബർ 22 മുതൽ പൊതുജനങ്ങൾക്ക് ലഭ്യമായിത്തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *