കേരളത്തിന്‍റെ അടുത്ത മുഖ്യമന്ത്രി ആര്? ഡൽഹിയിൽ നിർണായക ചർച്ചകൾ; വി.ഡി. സതീശന് ആവേശകരമായ സ്വീകരണം

ന്യൂഡൽഹി: കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക രാഷ്ട്രീയ ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ സജീവ ചർച്ചകൾ നടത്തുന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീഷൻ ഡൽഹിയിലെത്തിയപ്പോൾ പ്രവർത്തകർ ആവേശകരമായ സ്വീകരണമാണ് നൽകിയത്.

കേരള ഹൗസിൽ വിദ്യാർത്ഥി-യുവജന പ്രവർത്തകരുടെ നേതൃത്വത്തിൽ സതീശനെ തോളിലേറ്റിയും മുദ്രാവാക്യങ്ങൾ മുഴക്കിയും വരവേറ്റു. “കേരളം യുഡിഎഫ് തൂക്കി” എന്നെഴുതിയ കേക്ക് മുറിച്ചും പ്രവർത്തകർ ആഘോഷം നടത്തി. സംസ്ഥാനത്ത് സതീശന് അനുകൂലമായ പൊതുവികാരം ശക്തമാണെന്നാണ് അനുയായികൾ അവകാശപ്പെടുന്നത്.

മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രധാന പരിഗണനകളിൽ കെ.സി വേണുഗോപാൽ, രമേഷ് ചെന്നിത്തല എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്. എഐസിസി നിയോഗിച്ച നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും എംഎൽഎമാരുടെ അഭിപ്രായങ്ങൾ ശേഖരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് റിപ്പോർട്ട് കൈമാറിയതായി റിപ്പോർട്ടുകളിൽ പറയുന്നു.

കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും. എംഎൽഎമാരിൽ വലിയൊരു വിഭാഗം കെ.സി. വേണുഗോപാലിനെ പിന്തുണച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും, തിരഞ്ഞെടുപ്പ് വിജയത്തിൽ നിർണായക പങ്കുവഹിച്ച നേതാവെന്ന നിലയിൽ വി.ഡി. സതീശനും ശക്തമായ അവകാശവാദം ഉയർത്തുന്നുണ്ട്.

അന്തിമ തീരുമാനം ഹൈക്കമാൻഡ് അറിയിച്ച ശേഷം നിയമസഭാകക്ഷി യോഗം ചേർന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് സാധ്യത. വരും മണിക്കൂറുകളിൽ ഡൽഹിയിൽ കൂടുതൽ നിർണായക രാഷ്ട്രീയ ചർച്ചകൾ നടക്കുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *