ഇന്ത്യയ്ക്ക് പുതിയ സി.ഡി.എസ്; നാവികസേനയ്ക്കും പുതിയ മേധാവി

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ആയി ലെഫ്റ്റനന്റ് ജനറൽ എൻ. എസ്. രാജ സുബ്രഹ്മണിയെ നിയമിച്ചു. നിലവിലെ സി.ഡി.എസ് ജനറൽ അനിൽ ചൗഹാൻ മേയ് 30ന് വിരമിക്കുന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ നിയമനം പ്രഖ്യാപിച്ചത്.

അതേസമയം വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ പുതിയ നാവികസേന മേധാവിയായി നിയമിച്ചു. രാജ്യത്തിന്റെ പ്രതിരോധ രംഗത്തെ നിർണായക നേതൃമാറ്റമായാണ് പുതിയ നിയമനങ്ങളെ വിലയിരുത്തുന്നത്.

ഗഢ്വാൾ റൈഫിൾസിൽ നിന്നാണ് എൻ. എസ്. രാജ സുബ്രഹ്മണിയുടെ സൈനിക ജീവിതം ആരംഭിച്ചത്. നാല് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനിടെ വിവിധ നിർണായക കമാൻഡ്, സ്റ്റാഫ് ചുമതലകൾ അദ്ദേഹം വഹിച്ചു. പി.വി.എസ്.എം, എ.വി.എസ്.എം, എസ്.എം, വി.എസ്.എം അടക്കമുള്ള ബഹുമതികൾ നേടിയിട്ടുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം.

ഇന്ത്യൻ സായുധസേനകളുടെ ഏകോപനവും സംയുക്ത പ്രവർത്തനങ്ങളും മേൽനോട്ടം വഹിക്കുന്ന പരമോന്നത സൈനിക പദവിയാണ് സി.ഡി.എസ്. 2020ൽ ഈ പദവി നിലവിൽ വന്നതിന് ശേഷം ജനറൽ ബിപിൻ റാവത്തും ജനറൽ അനിൽ ചൗഹാനും ആ സ്ഥാനം വഹിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *