സ്‌കൂളുകള്‍ മെയ് 31നകം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടണം; ജില്ലാ കളക്ടറുടെ കര്‍ശന നിര്‍ദ്ദേശം

പത്തനംതിട്ട: ജില്ലയിലെ എല്ലാ സ്‌കൂളുകളും മെയ് 31-നകം ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ അറിയിച്ചു. സ്‌കൂള്‍ പ്രവേശനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ഔദ്യോഗിക വസതിയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഈ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. ജില്ലയിലെ 715 സ്‌കൂളുകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്.

ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അപേക്ഷിക്കുമ്പോള്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ള എന്‍.ഒ.സി (NOC) ഹാജരാക്കേണ്ടതുണ്ട്. കുട്ടികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പില്‍ നിന്നുള്ള സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കുടിവെള്ളത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പുവരുത്തിയ ശേഷമേ ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. കൂടാതെ, എല്ലാ സ്‌കൂളുകളിലും പ്രഥമശുശ്രൂഷാ കിറ്റുകള്‍ സജ്ജമാണെന്ന് ഉറപ്പുവരുത്തണം.

വൈദ്യുത സുരക്ഷാ പരിശോധനയ്ക്കായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെയോ കെ.എസ്.ഇ.ബി.യുടെയോ സേവനം തേടണം. അഗ്നിശമന സേനയില്‍ നിന്നുള്ള ഫയര്‍ എന്‍.ഒ.സി.യും ഫിറ്റ്‌നസ് ലഭിക്കുന്നതിന് ആവശ്യമാണ്. വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കാന്‍ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന മോട്ടോര്‍ വാഹന വകുപ്പ് നടത്തും.

സ്‌കൂള്‍ പരിസരങ്ങളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനും വന്യജീവികളുടെയോ പാമ്പുകളുടെയോ ശല്യമില്ലെന്ന് ഉറപ്പുവരുത്താനും വനം വന്യജീവി വകുപ്പിന് ചുമതല നല്‍കി. സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് പോലീസ്, എക്‌സൈസ്, വാട്ടര്‍ അതോറിറ്റി, സിവില്‍ സപ്ലൈസ്, കൃഷി വകുപ്പുകള്‍ ഏകോപിതമായി പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *