ഇടുക്കി: ജില്ലയിൽ കാലവർഷ മുന്നൊരുക്കങ്ങളും മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളും ഊർജിതമാക്കുന്നതിനായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് പ്രാദേശിക ദുരന്ത പ്രതിരോധ പദ്ധതികൾ തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി. കാലവർഷക്കെടുതികളെക്കുറിച്ചുള്ള വിവരങ്ങൾ താലൂക്ക്, ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്ററുകളിൽ കാലതാമസമില്ലാതെ എത്തിക്കണമെന്നും വിവരശേഖരണം കാര്യക്ഷമമാക്കിയാൽ മാത്രമേ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകുകയുള്ളൂവെന്നും കളക്ടർ വ്യക്തമാക്കി.
മൺസൂൺ നേരത്തെ എത്താൻ സാധ്യതയുള്ളതിനാൽ വിവിധ വകുപ്പുകൾ തങ്ങളുടെ മുന്നൊരുക്കങ്ങൾ ഉടൻ പൂർത്തിയാക്കണം. താലൂക്ക് തല ഇലക്ട്രോണിക് റെസ്പോൺസ് ടീമുകൾ സജ്ജമാണെന്ന് ഉറപ്പുവരുത്താനും പുഴ പുറമ്പോക്കുകളിലെ അനധികൃത നിർമ്മാണങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകി. പോലീസ് വകുപ്പ് പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിനായി ഹിറ്റാച്ചി, ജെസിബി ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂളുകളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധന അടിയന്തരമായി പൂർത്തിയാക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു. ഡാമുകൾ തുറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകും. റോഡരികിലെ അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനും നീർച്ചാലുകളിലെ തടസ്സങ്ങൾ നീക്കി ഒഴുക്ക് സുഗമമാക്കുന്നതിനും നടപടി സ്വീകരിക്കും. ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം പ്രളയസാധ്യതാ മേഖലകളിൽ പ്രത്യേക നിരീക്ഷണം നടത്തുകയും സ്കൂബ ഡൈവേഴ്സിനെയും സന്നദ്ധ പ്രവർത്തകരെയും സജ്ജമാക്കുകയും ചെയ്യും.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. റാപ്പിഡ് റെസ്പോൺസ് ടീമും മൊബൈൽ മെഡിക്കൽ യൂണിറ്റുകളും സജ്ജമാണ്. ദുരിതാശ്വാസ ക്യാമ്പുകളിൽ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം എലിപ്പനി പോലുള്ള രോഗങ്ങൾക്കെതിരെ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യും. വിനോദസഞ്ചാര മേഖലയിൽ അഞ്ചുരുളി ടണൽ ഉൾപ്പെടെയുള്ള ഇടങ്ങളിൽ സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകി. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികൾക്കായി വാക്സിനേഷനും മൊബൈൽ വെറ്ററിനറി യൂണിറ്റുകളും ഒരുക്കിയിട്ടുണ്ട്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

