തൊടുപുഴ: റോൾ ബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യയും കേരള റോൾ ബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച അഞ്ചു ദിവസത്തെ സംസ്ഥാനതല റോൾ ബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. കരിംകുന്നം സെന്റ് അഗസ്റ്റിൻ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പിൽ ജാർഖണ്ഡിൽ നിന്നുള്ള അന്താരാഷ്ട്ര പരിശീലകൻ ചന്ദേശ്വർ കുമാർ സാഹു പരിശീലനത്തിന് നേതൃത്വം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 60 കായിക താരങ്ങളാണ് ക്യാമ്പിൽ പങ്കെടുത്തത്.
സമാപന സമ്മേളനത്തിന്റെയും സർട്ടിഫിക്കറ്റ് വിതരണത്തിന്റെയും ഉദ്ഘാടനം തൊടുപുഴ നിയുക്ത എം.എൽ.എ അപു ജോൺ ജോസഫ് നിർവഹിച്ചു. നിയുക്ത എം.എൽ.എയുടെ ആദ്യ പൊതുപരിപാടി എന്ന നിലയിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ക്യാമ്പിന് ആവേശം പകർന്നു. ഇന്ത്യൻ കായിക രംഗത്ത് അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന റോൾ ബോൾ എന്ന കായിക ഇനം കായിക മേഖലയ്ക്ക് വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കായിക താരങ്ങൾക്കും അദ്ദേഹം വിജയ ആശംസകൾ നേർന്നു.
അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.വി. ജോയി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും ജില്ലാ സെക്രട്ടറിയുമായ പി.കെ. രാജേന്ദ്രൻ സ്വാഗതം ആശംസിച്ചു. കരിംകുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബേബിച്ചൻ കൊച്ചുകരൂർ, കേരള റോൾ ബോൾ അസോസിയേഷൻ സ്റ്റേറ്റ് സെക്രട്ടറി സജി എസ്., ട്രഷറർ എ. നാസർ, സതീഷ് കേശവൻ, രാഹേഷ് കെ.യു. തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന എക്സിക്യൂട്ടീവും ജില്ലാ ട്രഷററുമായ ഷിജി ജെയിംസ് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.


