തിരുവനന്തപുരം: കേരളത്തിൽ ഇന്ന് മുതൽ മെയ് 13 വരെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ മനുഷ്യജീവനും വൈദ്യുത ശൃംഖലകൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു.
കാർമേഘം കണ്ടുതുടങ്ങുന്ന സമയം മുതൽ തന്നെ മുൻകരുതലുകൾ സ്വീകരിക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് അപകടസാധ്യത വർദ്ധിപ്പിക്കും. മിന്നൽ സമയത്ത് ജനലും വാതിലും അടച്ചിടണമെന്നും ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ കെട്ടിടത്തിന്റെ മധ്യഭാഗത്ത് ഇരിക്കണമെന്നും നിർദ്ദേശമുണ്ട്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. ടെലിഫോൺ ഉപയോഗം ഒഴിവാക്കണമെങ്കിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ തടസ്സമില്ല. അന്തരീക്ഷം മേഘാവൃതമാകുമ്പോൾ കുട്ടികളെ തുറസായ സ്ഥലത്തോ ടെറസിലോ കളിക്കാൻ അനുവദിക്കരുത്. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കുന്നതും വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുന്നതും ഒഴിവാക്കണം.
യാത്രക്കാർ വാഹനത്തിനുള്ളിൽ തന്നെ തുടരുന്നത് സുരക്ഷിതമാണ്, എന്നാൽ കൈകാലുകൾ പുറത്തിടരുത്. സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിൽ യാത്ര ചെയ്യുന്നവർ മിന്നൽ സമയത്ത് സുരക്ഷിതമായ കെട്ടിടങ്ങളിൽ അഭയം തേടണം. ജലാശയങ്ങളിൽ കുളിക്കുന്നതും മീൻ പിടിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണം. പൈപ്പുകളിലൂടെ വൈദ്യുതി സഞ്ചരിക്കാൻ സാധ്യതയുള്ളതിനാൽ ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
വളർത്തുമൃഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ മഴമേഘം കാണുന്ന സമയത്ത് തന്നെ ശ്രമിക്കണം. തുറസായ സ്ഥലത്ത് അകപ്പെട്ടുപോയാൽ പാദങ്ങൾ ചേർത്തുവച്ച് തല മുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഇരിക്കുക. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്നതിനാൽ പ്രഥമശുശ്രൂഷ നൽകാൻ മടിക്കരുത്. ആദ്യ 30 സെക്കൻഡുകൾ ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്.
മിന്നൽ സാധ്യത മുൻകൂട്ടി അറിയാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ‘ദാമിനി’ (Damini) മൊബൈൽ ആപ്പ് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ സുരക്ഷാ നിർദ്ദേശങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു.
ഭിന്നശേഷി സുഹൃത്തുക്കൾക്കുള്ള പ്രത്യേക സന്ദേശം – https://www.youtube.com/watch?v=So1uMkDyzd4 ദൃശ്യമാധ്യമങ്ങൾ ഈ ആംഗ്യ സന്ദേശം പ്രദർശിപ്പിയ്ക്കണം എന്ന് അഭ്യർത്ഥിയ്ക്കുന്നു.
ഇടിമിന്നൽ സാധ്യത മനസ്സിലാക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ‘ദാമിനി’ മൊബൈൽ ആപ്പ്ളിക്കേഷൻഉപയോഗിക്കാവുന്നതാണ്. https://play.google.com/store/apps/details… എന്ന ലിങ്കിൽ നിന്ന് Damini App ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിർദേശങ്ങൾ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കിൽ ലഭ്യമാണ്.
.

