പാലക്കാട്: കുട്ടികളിലെ ആത്മഹത്യ പ്രവണത തടയുന്നതിനും അവർക്ക് ആവശ്യമായ മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും മാതാപിതാക്കൾക്ക് പ്രത്യേക പരിശീലനം നൽകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കലക്ടർ എം.എസ് മാധവിക്കുട്ടി അറിയിച്ചു. കുട്ടികളിലെ ഇത്തരം പ്രവണതകൾ തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മാതാപിതാക്കൾക്ക് പുറമെ വിദ്യാർത്ഥികൾക്കും ബോധവൽക്കരണം ആവശ്യമാണെന്നും ഇതിനായി വിദ്യാർത്ഥികളിൽ നിന്ന് തന്നെ വൊളന്റിയർമാരെയും ട്രെയിനർമാരെയും കണ്ടെത്തണമെന്നും കലക്ടർ നിർദ്ദേശിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിൽ സമഗ്രമായ ഒരു കര്‍മ്മപദ്ധതി തയ്യാറാക്കാൻ യോഗത്തിൽ തീരുമാനമായി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിലവിലുള്ള കൗൺസിലർമാർ ഉൾപ്പെടെ നൂറോളം പേരെ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിയോഗിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം ശശി യോഗത്തിൽ വ്യക്തമാക്കി.
കൗൺസിലർമാർക്ക് വേണ്ടി സ്‌കൂളുകളിൽ പ്രത്യേക ഇടം ഒരുക്കണമെന്നും വിദ്യാർത്ഥികളുടെ രഹസ്യാത്മകത പൂർണ്ണമായും സംരക്ഷിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പരമാവധി ജനവിഭാഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ ക്യാമ്പയിനുകൾ നടത്താനും തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളെ രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികളെ ഇന്റേൺഷിപ്പിന്റെ ഭാഗമായി പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ചകൾ നടന്നു. കുട്ടികളിലെ ആത്മഹത്യ പ്രവണത തടയുന്നതുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മീഷൻ അംഗം കെ.കെ ഷാജു പ്രൊപോസൽ അവതരിപ്പിച്ചു. ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന യോഗത്തിൽ ബാലാവകാശ കമ്മീഷൻ അംഗങ്ങളായ പി ഷാജേഷ് ഭാസ്‌കർ, കെ.കെ ഷാജു, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ സേതുമാധവൻ, അംഗങ്ങൾ, കൂടാതെ വിദ്യാഭ്യാസം, എക്സൈസ്, പോലീസ്, വനിതാ ശിശു വികസനം, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

