കഞ്ഞിക്കുഴിയിൽ തെങ്ങ് കർഷകർക്ക് സൗജന്യമായി വളം വിതരണം ചെയ്യുന്നു

കഞ്ഞിക്കുഴി: നാളികേര വികസന ബോർഡും കഞ്ഞിക്കുഴി പഞ്ചായത്ത് കൃഷിഭവനും സംയുക്തമായി നടപ്പിലാക്കുന്ന തെങ്ങ് കർഷകർക്കുള്ള സൗജന്യ വളം വിതരണ പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ പതിനാലാം വാർഡിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എസ്. രാധാകൃഷ്ണൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

തെങ്ങുകളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനായി എല്ലുപൊടി, വേപ്പിൻ പിണാക്ക്, കുമ്മായം എന്നീ മൂന്നിനം വളങ്ങളാണ് കർഷകർക്ക് നൽകുന്നത്. ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ തെങ്ങ് കൃഷി ചെയ്യുന്ന മുഴുവൻ പട്ടികജാതി കുടുംബങ്ങൾക്കുമാണ് വളം ലഭ്യമാക്കുക. രണ്ടാം ഘട്ടത്തിൽ പഞ്ചായത്തിലെ മറ്റ് കർഷകരിലേക്കും പദ്ധതി വ്യാപിപ്പിക്കും. പന്ത്രണ്ടായിരത്തിലധികം തെങ്ങുകൾക്ക് വളമെത്തിക്കാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കൃഷി ഓഫീസർ റോസ്മി ജോർജ് പദ്ധതി വിശദീകരിച്ചു. ചടങ്ങിൽ സ്ഥിരംസമിതി അധ്യക്ഷരായ ആർ. അശ്വിൻ, ജി. മുരളി, കെ.വി. വിജിമോൾ, പഞ്ചായത്തംഗങ്ങളായ പി.ടി. ശശിധരൻ, സജിത ബൈജു, പി. മുരളി, കർമ്മസേന കൺവീനർ ജി. ഉദയപ്പൻ തുടങ്ങിയവർ സംസാരിച്ചു. കർഷകരുടെ ഉന്നമനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനവും കൃഷിഭവനും നടത്തുന്ന മികച്ച ഇടപെടലാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *