വലതുപക്ഷ പാർട്ടിയായ വൺ നേഷന് അഗ്നിപരീക്ഷയായി ഓസ്‌ട്രേലിയൻ ഉപതിരഞ്ഞെടുപ്പ്

ന്യൂ സൗത്ത് വെയ്ൽസ്: ഓസ്‌ട്രേലിയൻ ഫെഡറൽ പാർലമെന്റിന്റെ ലോവർ ഹൗസിലേക്ക് ആദ്യമായി ഒരു സീറ്റ് ലക്ഷ്യമിടുന്ന വലതുപക്ഷ പോപ്പുലിസ്റ്റ് പാർട്ടിയായ ‘വൺ നേഷന്’ (One Nation) നിർണ്ണായകമായി ഫാരർ (Farrer) ഉപതിരഞ്ഞെടുപ്പ്. പ്രതിപക്ഷമായ ലിബറൽ പാർട്ടിയുടെ നേതാവായിരുന്ന സുസൻ ലേ (Sussan Ley) രാജിവെച്ചതിനെത്തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. വോട്ടെണ്ണൽ പുരോഗമിക്കുന്ന മണ്ഡലത്തിൽ വൺ നേഷനും സ്വതന്ത്ര സ്ഥാനാർത്ഥിയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.

ലിബറൽ പാർട്ടി തങ്ങളുടെ സ്ഥാനാർത്ഥിയെ രംഗത്തിറക്കിയിട്ടുണ്ടെങ്കിലും, പ്രാദേശിക സ്വതന്ത്ര സ്ഥാനാർത്ഥി മിഷേൽ മിൽതോർപ്പും വൺ നേഷന്റെ ഡേവിഡ് ഫാർലിയും തമ്മിലാണ് പ്രധാന പോരാട്ടമെന്നാണ് എക്സിറ്റ് പോൾ സൂചനകൾ. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ സുസൻ ലേയ്‌ക്കെതിരെ രണ്ടാം സ്ഥാനത്തെത്തിയ മിൽതോർപ്പിന് ഇത്തവണ വലിയ ജനപിന്തുണയുണ്ട്. മുൻപ് ലിബറൽ-നാഷണൽ സഖ്യത്തിന്റെ ഉരുക്കുകോട്ടയായിരുന്ന ഈ മണ്ഡലത്തിൽ ആദ്യമായാണ് ഇരു പ്രമുഖ പാർട്ടികളും ഇല്ലാത്ത ഒരു ഫൈനൽ പോരാട്ടത്തിന് (Two-candidate preferred count) സാധ്യത തെളിയുന്നത്. ഭരണകക്ഷിയായ ലേബർ പാർട്ടി ഈ മത്സരത്തിൽ പങ്കെടുക്കുന്നില്ല.

ഇതുവരെ ഫെഡറൽ ലോവർ ഹൗസിൽ ഒരു സീറ്റ് പോലും നേടാൻ വൺ നേഷന് കഴിഞ്ഞിട്ടില്ല. പാർട്ടി നേതാവ് പോളിൻ ഹാൻസൺ സെനറ്റിൽ അംഗമാണെങ്കിലും ലോവർ ഹൗസിൽ അക്കൗണ്ട് തുറക്കാൻ ഡേവിഡ് ഫാർലിയിലൂടെ സാധിക്കുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഓസ്‌ട്രേലിയൻ അഗ്രികൾച്ചറൽ കമ്പനിയുടെ മുൻ സിഇഒ ആയ ഫാർലിക്ക് കർഷകർക്കിടയിലുള്ള സ്വാധീനം ഗുണകരമാകുമെന്ന് പാർട്ടി കരുതുന്നു. മാർച്ചിൽ നടന്ന സൗത്ത് ഓസ്‌ട്രേലിയൻ സംസ്ഥാന തിരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച വൺ നേഷന് ഈ ഉപതിരഞ്ഞെടുപ്പ് ദേശീയതലത്തിലെ കരുത്ത് തെളിയിക്കാനുള്ള അവസരമാണ്.

ഫെബ്രുവരിയിൽ സുസൻ ലേയെ പുറത്താക്കി നേതൃത്വമേറ്റെടുത്ത ആംഗസ് ടെയ്‌ലർക്കും നാഷണൽ പാർട്ടി നേതാവ് മാറ്റ് കാനവനും ഈ തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണ്. കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് ശേഷം പാർട്ടിക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളും കുറഞ്ഞ ജനപ്രീതിയും പ്രതിപക്ഷത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.

ദക്ഷിണ കൊറിയയേക്കാൾ വലിയ വിസ്തൃതിയുള്ള ഫാരർ മണ്ഡലത്തിലെ ജനവിധി ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിൽ വലതുപക്ഷ പാർട്ടികളുടെ ഭാവി നിശ്ചയിക്കുന്ന ഒന്നായിരിക്കും. ശനിയാഴ്ച രാത്രിയോടെ അന്തിമ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *