മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് കേന്ദ്ര ഇടപെടൽ തേടി വിജയ്; ആദ്യ കത്ത് ജയശങ്കറിന്

തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ വിജയ് കേന്ദ്ര സർക്കാരിന് ആദ്യ കത്തയച്ചു. ശ്രീലങ്കയിൽ തടവിലായ തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി അടിയന്തര നയതന്ത്ര ഇടപെടൽ വേണമെന്നാവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനാണ് കത്ത് നൽകിയിരിക്കുന്നത്.

രാമനാഥപുരം ജില്ലയിലെ മണ്ഡപത്ത് സ്വദേശികളായ ആറു മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന മേയ് 12ന് അറസ്റ്റ് ചെയ്തതായാണ് കത്തിൽ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര സമുദ്ര അതിർത്തി ലംഘിച്ചെന്നാരോപിച്ചാണ് ഇവരെ ബോട്ടിനൊപ്പം പിടികൂടിയത്. അലക്സ്, ആന്തണി രാജൻ, സന്താന അലോഷ്യസ്, അറുൾ ദെയ് ബ്രിട്ടോ, ആൽബർട്ട്, സഹയ സെൽവശാനു എന്നിവരാണ് അറസ്റ്റിലായ മത്സ്യത്തൊഴിലാളികൾ.

നിലവിൽ 54 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ ജയിലുകളിലുണ്ടെന്നും 264 മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തിരിക്കുകയാണെന്നും വിജയ് കത്തിൽ ചൂണ്ടിക്കാട്ടി. മത്സ്യത്തൊഴിലാളികളുടെയും ബോട്ടുകളുടെയും വേഗത്തിലുള്ള മോചനത്തിനും സുരക്ഷിത തിരിച്ചെത്തലിനുമായി എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *