തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിൽ തുടരുന്ന അനിശ്ചിതത്വം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ തിളക്കം കുറയ്ക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ നീളുന്നത് ആഘോഷാന്തരീക്ഷത്തെ ബാധിക്കുന്നുവെന്നും ഉടൻ തന്നെ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ ഉണ്ടായ താമസത്തിൽ യുഡിഎഫ് ഘടകകക്ഷികൾ അസംതൃപ്തി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പ്രത്യേകിച്ച് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ നേതൃത്വത്തോട് പ്രതിഷേധം രേഖപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, കോൺഗ്രസ് നേതൃത്വത്തിലെ അനിശ്ചിതത്വം സംഘടനാതലത്തിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ടെന്ന് ദേശീയ നേതൃത്വത്തെ സംസ്ഥാന നേതാക്കൾ അറിയിച്ചതായും റിപ്പോർട്ടുണ്ട്. ചില എംഎൽഎമാർക്കെതിരെ പ്രവർത്തകരുടെ പ്രതിഷേധവും വിവിധ മണ്ഡലങ്ങളിൽ ഉണ്ടായതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. അന്തിമ തീരുമാനം കോൺഗ്രസ് ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.

