നീറ്റ് ചോദ്യപേപ്പർ ചോർച്ച കേരളത്തിൽ നിന്നെന്ന് ബിജെപി അധ്യക്ഷൻ

ജയ്പുർ: നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നത് കേരളത്തിൽ നിന്നാണെന്ന് രാജസ്ഥാൻ ബിജെപി അധ്യക്ഷൻ മദൻ റാത്തോഡ് ആരോപിച്ചു. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ചോദ്യപേപ്പർ ചോർച്ച കേസിൽ നടപടി വൈകിയെന്നാരോപിച്ച് മുൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും പ്രതിപക്ഷനേതാവ് ടിക്കാറാം ജുല്ലിയും സംസ്ഥാന സർക്കാരിനെ വിമർശിച്ചു. ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് സംസ്ഥാന സർക്കാരിന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നുവെന്ന് ഗെഹ്‌ലോട്ട് ആരോപിച്ചു.ദേശീയ പരീക്ഷാ ഏജൻസിയായ എൻടിഎ രാജസ്ഥാൻ ഡിജിപിയെ വിവരം അറിയിച്ചതിന് പിന്നാലെയാണ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷ കഴിഞ്ഞ ഉടൻ തന്നെ വിദ്യാർഥികൾ ചോദ്യപേപ്പർ ചോർച്ച സംബന്ധിച്ച് പരാതി നൽകിയിരുന്നുവെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു.

പരാതികൾ പരിശോധിച്ച ശേഷം പരീക്ഷ റദ്ദാക്കുകയും കേസ് സിബിഐക്ക് കൈമാറുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തിയതിന് ശേഷമാണ് കൂടുതൽ ചോദ്യപേപ്പർ ചോർച്ച സംഭവങ്ങൾ ഉണ്ടായതെന്നും ടിക്കാറാം ജുല്ലി ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *