ലഖ്‌നൗ: രാജ്യത്തെ ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും ഊർജ്ജ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുമായി കർശന നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. ലഖ്‌നൗവിൽ അഡീഷണൽ ചീഫ് സെക്രട്ടറിമാരുടെയും പ്രിൻസിപ്പൽ സെക്രട്ടറിമാരുടെയും യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകിയത്. ഇന്ധന ഉപഭോഗം കുറയ്ക്കണമെന്നും അനാവശ്യമായ സ്വർണ്ണാഭരണ ശേഖരണം ഒഴിവാക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം നടപ്പിലാക്കാൻ അദ്ദേഹം പൗരന്മാരോട് അഭ്യർത്ഥിച്ചു.
സർക്കാർ തലത്തിൽ മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിൽ (Convoy) 50 ശതമാനം കുറവ് വരുത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ജോലിസ്ഥലത്തെ തിരക്ക് കുറയ്ക്കുന്നതിനായി വർക്ക് ഫ്രം ഹോം രീതിയും ഔദ്യോഗിക ചർച്ചകൾക്കായി വെർച്വൽ മീറ്റിംഗുകളും പ്രോത്സാഹിപ്പിക്കും. പൊതുഗതാഗതം, സൈക്ലിംഗ്, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരെ അറിയിച്ചു.
ഊർജ്ജ ലാഭത്തിനായി ആഴ്ചയിലൊരിക്കൽ ‘വാഹന രഹിത ദിനം’ (No Vehicle Day) ആചരിക്കണമെന്നും യോഗത്തിൽ തീരുമാനമായി. ദൈനംദിന ജീവിതത്തിൽ ഊർജ്ജ സംരക്ഷണ ശീലങ്ങൾ വളർത്തിയെടുക്കാൻ ജനങ്ങളെ ബോധവൽക്കരിക്കണമെന്നും അദ്ദേഹം വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടു. പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗ്ഗങ്ങളിലേക്ക് സംസ്ഥാനം മാറേണ്ടതിന്റെ അനിവാര്യതയും യോഗി ആദിത്യനാഥ് ഊന്നിപ്പറഞ്ഞു

