കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക പ്രാധാന്യമുള്ള ബുബിയാൻ ദ്വീപിലേക്ക് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്പ്സ് (IRGC) അംഗങ്ങൾ നുഴഞ്ഞുകയറാൻ ശ്രമിച്ചെന്നാരോപിച്ച് കുവൈത്ത് രംഗത്ത്. സംഭവത്തിൽ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി കുവൈത്ത് പ്രതിഷേധം രേഖപ്പെടുത്തി.
കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരമനുസരിച്ച്, മീൻപിടിത്ത ബോട്ട് ഉപയോഗിച്ച് ആറംഗസംഘം ദ്വീപിലേക്ക് കടക്കാൻ ശ്രമിച്ചു. ഇവരിൽ നാലുപേരെ സുരക്ഷാസേന പിടികൂടിയതായും രണ്ടുപേർ രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. സംഭവത്തിനിടെ ഒരു കുവൈത്തി സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റതായും അധികൃതർ അറിയിച്ചു.
ബുബിയാൻ ദ്വീപിൽ സൈനിക കേന്ദ്രങ്ങളും ചൈനയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന വൻ തുറമുഖ പദ്ധതിയും നിലനിൽക്കുന്നുണ്ട്. അതിനാൽ തന്നെ പ്രദേശം തന്ത്രപ്രധാന മേഖലയായി കണക്കാക്കപ്പെടുന്നു.
അതേസമയം, കുവൈത്തിന്റെ ആരോപണങ്ങൾ ഇറാൻ നിഷേധിച്ചു. പതിവ് പട്രോളിംഗിനിടെ നാവിഗേഷൻ സംവിധാനത്തിലെ തകരാറിനെ തുടർന്നാണ് ബോട്ട് കുവൈത്ത് സമുദ്രാതിർത്തിയിൽ പ്രവേശിച്ചതെന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. കസ്റ്റഡിയിലുള്ളവരെ കാണാൻ കോൺസുലർ അനുമതി നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

