ചെന്നൈ: ചെന്നൈയിൽ നിന്ന് അബുദാബിയിലേക്ക് പുറപ്പെടാനിരുന്ന ഇത്തിഹാദ് എയർവേയ്സ് വിമാനത്തിൽ തീപിടിത്തമുണ്ടായെന്ന വാർത്തകൾ കമ്പനി നിഷേധിച്ചു. സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം പുറപ്പെടുന്നതിന് മുമ്പ് തന്നെ ഗേറ്റിലേക്ക് തിരിച്ചെത്തിച്ചതാണെന്ന് അധികൃതർ അറിയിച്ചു.
ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള EY343 വിമാനമാണ് പരിശോധനയ്ക്കിടെ സാങ്കേതിക പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന് യാത്ര നിർത്തിവെച്ചത്. തുടർന്ന് യാത്രക്കാരെ സുരക്ഷിതമായി വിമാനത്തിൽ നിന്ന് ഇറക്കിയതായും കമ്പനി വ്യക്തമാക്കി.
വിമാനത്താവളത്തിലെ സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരമാണ് അഗ്നിരക്ഷാസേനയെ വിന്യസിച്ചതെന്നും, വിമാനത്തിനുള്ളിൽ തീപിടിത്തമൊന്നും ഉണ്ടായിട്ടില്ലെന്നും ഇത്തിഹാദ് എയർവേയ്സ് വിശദീകരിച്ചു. ഏകദേശം മൂന്ന് മണിക്കൂർ വൈകിയാണ് വിമാനം പിന്നീട് സർവീസ് നടത്താൻ തീരുമാനിച്ചതെന്നും അധികൃതർ അറിയിച്ചു.
ആദ്യഘട്ടത്തിൽ വിമാനത്തിന്റെ ചിറകിൽ തീ കണ്ടെന്ന രീതിയിൽ ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ അത് തെറ്റായ വിവരമാണെന്നും സാങ്കേതിക തകരാറിനെ തുടർന്നുള്ള മുൻകരുതൽ നടപടികളാണ് സ്വീകരിച്ചതെന്നും വിമാനക്കമ്പനി വ്യക്തമാക്കി.

