കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ, എയ്ഡഡ്, സ്വകാര്യ സ്കൂളുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അസംബ്ലികളിൽ ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണമെന്ന് ഉത്തരവിട്ട് സുവേന്ദു അധികാരി സർക്കാർ. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഈ പുതിയ ഉത്തരവ് ബംഗാൾ സെക്കൻഡറി വിദ്യാഭ്യാസ ബോർഡും ഹയർ സെക്കൻഡറി കൗൺസിലും ഔദ്യോഗികമായി നടപ്പിലാക്കിത്തുടങ്ങി.
ചെറുപ്പം മുതലേ വിദ്യാർത്ഥികളിൽ ദേശസ്നേഹവും ബംഗാളിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും വളർത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ലക്ഷ്യമെന്ന് സർക്കാർ വക്താക്കൾ അറിയിച്ചു. സ്കൂൾ പ്രവൃത്തിദിവസം ആരംഭിക്കുന്നതിന് മുന്നോടിയായി നടത്തുന്ന അസംബ്ലിയിൽ ദേശീയ ഗീതമായ വന്ദേമാതരം ആലപിച്ചിരിക്കണം എന്നത് പുതിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പ്രധാനമാണ്.
ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരെ ചുമതലപ്പെടുത്തി. സ്കൂളുകളിൽ അപ്രതീക്ഷിത പരിശോധനകൾ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശവും നൽകിയിട്ടുണ്ട്

