കൊൽക്കത്ത: ബംഗാളിന്റെ തനത് ഭക്ഷണരീതികളെ ബിജെപി തകർക്കുമെന്ന തൃണമൂൽ കോൺഗ്രസിന്റെയും മമതാ ബാനർജിയുടെയും പ്രചാരണങ്ങൾക്ക് സൈദ്ധാന്തികമായല്ല, മറിച്ച് പ്രായോഗികമായ മറുപടി നൽകി പശ്ചിമ ബംഗാളിലെ പുതിയ സർക്കാർ. ബിജെപി അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് മത്സ്യവും മുട്ടയും നിരോധിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മമതയും കൂട്ടരും ആരോപിച്ചിരുന്നത്. എന്നാൽ ഈ വാദങ്ങളെ അസ്ഥാനത്താക്കി, സംസ്ഥാനത്തെ സർക്കാർ സബ്‌സിഡി കാന്റീനുകൾ വഴി വെറും അഞ്ച് രൂപയ്ക്ക് ചോറും മീൻ കറിയും നൽകാൻ സുവേന്ദു അധികാരി സർക്കാർ തീരുമാനിച്ചു.
ബംഗാളിന്റെ സ്വത്വമായി കരുതപ്പെടുന്ന മത്സ്യഭക്ഷണം തന്നെ പുതിയ ജനകീയ ക്ഷേമപദ്ധതിയുടെ ഭാഗമാക്കുന്നതിലൂടെ ബിജെപിയുടെ രാഷ്ട്രീയ നിലപാടുകൾ ജനപക്ഷത്താണെന്ന് തെളിയിക്കുകയാണ് സർക്കാർ. സാധാരണക്കാർക്ക് മിതമായ നിരക്കിൽ പോഷകാഹാരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് സമയത്ത് തൃണമൂൽ കോൺഗ്രസ് ഉയർത്തിയ ഭയാശങ്കകൾ രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് പുതിയ തീരുമാനത്തോടെ വ്യക്തമായതായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. വികസന രാഷ്ട്രീയത്തോടൊപ്പം ബംഗാളിന്റെ സാംസ്കാരികവും വ്യക്തിപരവുമായ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുമെന്ന സന്ദേശമാണ് ഈ നീക്കത്തിലൂടെ ബിജെപി സർക്കാർ നൽകുന്നത്

