ഇസ്രായേലിൽ നേരത്തെ തിരഞ്ഞെടുപ്പിന് സാധ്യത; നെതന്യാഹു സർക്കാർ പാർലമെന്റ് പിരിച്ചുവിടാൻ ശുപാർശ നൽകി

തെൽ അവീവ്: ഭരണകക്ഷിയായ അൾട്രാ ഓർത്തഡോക്സ് പാർട്ടികളിൽ നിന്നുള്ള കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ലിക്വിഡ് പാർട്ടി (Likud party) പാർലമെന്റ് പിരിച്ചുവിടാനുള്ള പ്രമേയം ബുധനാഴ്ച സമർപ്പിച്ചു. ഭരണസഖ്യത്തിലെ ആറ് പാർലമെന്ററി ഗ്രൂപ്പുകളുടെ നേതാക്കളും ഈ നിർദ്ദേശത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

മെയ് 20-ന് ബിൽ വോട്ടെടുപ്പിന് വരുമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ബിൽ പാസായാൽ 90 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തേണ്ടി വരും. അങ്ങനെ വന്നാൽ ഒക്ടോബർ 27-ന് നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ഓഗസ്റ്റ് മൂന്നാം വാരത്തിലേക്ക് മാറിയേക്കാം.

മതപഠന ശാലകളിൽ (Yeshivas) പഠിക്കുന്ന യുവാക്കൾക്ക് നിർബന്ധിത സൈനിക സേവനത്തിൽ നിന്ന് സ്ഥിരമായ ഇളവ് നൽകുമെന്ന വാഗ്ദാനം നെതന്യാഹു പാലിച്ചില്ലെന്നതാണ് സഖ്യകക്ഷികളെ ചൊടിപ്പിച്ചത്. ഇതേത്തുടർന്ന് സർക്കാർ തകർച്ചയുടെ വക്കിലെത്തിയതോടെയാണ് തിരഞ്ഞെടുപ്പ് നേരത്തെയാക്കാൻ തീരുമാനിച്ചത്.

മുൻ പ്രധാനമന്ത്രി നഫ്താലി ബെനറ്റും പ്രതിപക്ഷ നേതാവ് യെയർ ലാപിഡും ചേർന്ന് രൂപീകരിച്ച ‘ബെയാഹദ്’ (Beyahad) സഖ്യം തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണെന്ന് അറിയിച്ചു. ഒക്ടോബർ 7-ലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ദേശീയ അന്വേഷണം നടത്തണമെന്നും അൾട്രാ ഓർത്തഡോക്സ് വിഭാഗക്കാർക്കും സൈനിക സേവനം നിർബന്ധമാക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങൾ.

അഴിമതിക്കേസുകൾ നേരിടുന്നതിനിടയിലും താൻ വീണ്ടും മത്സരിക്കുമെന്ന് 76-കാരനായ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസർ ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഇസ്രായേൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം (18 വർഷം) പ്രധാനമന്ത്രിയായ വ്യക്തിയാണ്. നിലവിലെ സർവ്വേകൾ പ്രകാരം നെതന്യാഹുവിന്റെ ലിക്വിഡ് പാർട്ടിക്ക് നേരിയ മുൻതൂക്കമുണ്ടെങ്കിലും സഭയിൽ ഭൂരിപക്ഷം ഉറപ്പിക്കാൻ ഒരു കക്ഷിക്കും സാധിക്കാത്ത തരത്തിൽ വിഘടിച്ചു നിൽക്കുന്ന ജനവിധിയാകും ഉണ്ടാവുകയെന്നാണ് സൂചന

Leave a Reply

Your email address will not be published. Required fields are marked *