റിയോ ഡി ജനീറോ: ബ്രസീലിലെ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന അറ്റ്ലാന്റിക് വനമേഖലയിൽ (Atlantic forest) വനനശീകരണം കഴിഞ്ഞ 40 വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയതായി പുതിയ റിപ്പോർട്ട്. 1985-ൽ നിരീക്ഷണം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് വനനശീകരണം ഇത്രയധികം കുറയുന്നത്.
2025-ൽ 8,658 ഹെക്ടർ വനഭൂമി മാത്രമാണ് നശിപ്പിക്കപ്പെട്ടത്. 2024-ൽ ഇത് 14,366 ഹെക്ടറായിരുന്നു. ഒരു വർഷത്തിനുള്ളിൽ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ബ്രസീലിലെ ജനസംഖ്യയുടെ 80 ശതമാനവും അധിവസിക്കുന്ന മേഖലയാണിത്. റിയോ ഡി ജനീറോ, സാവോ പോളോ തുടങ്ങിയ പ്രധാന നഗരങ്ങൾ ഈ വനമേഖലയിലാണ് ഉൾപ്പെടുന്നത്.
വനനശീകരണത്തിലുണ്ടായ ഈ വൻ കുറവ് വരും വർഷങ്ങളിൽ ‘സീറോ ഡിഫോറസ്റ്റേഷൻ’ എന്ന ലക്ഷ്യം കൈവരിക്കാൻ സഹായിക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ കരുതുന്നു.വനനശീകരണം കുറയുന്നുണ്ടെങ്കിലും ചില രാഷ്ട്രീയ മാറ്റങ്ങൾ ഈ നേട്ടത്തെ ഇല്ലാതാക്കുമോ എന്ന ആശങ്ക പരിസ്ഥിതി പ്രവർത്തകർ പങ്കുവെക്കുന്നു.
പരിസ്ഥിതി സംരക്ഷണ നിയമങ്ങളെ ദുർബലപ്പെടുത്തുന്ന ‘ഡെവാസ്റ്റേഷൻ ബിൽ’ (devastation bill) ബ്രസീൽ കോൺഗ്രസ് അംഗീകരിച്ചത് വലിയ ഭീഷണിയാണ്.ഒക്ടോബറിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരിസ്ഥിതി സംരക്ഷണ നയങ്ങളെ എതിർക്കുന്ന തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിൽ വരാനുള്ള സാധ്യതയും ആശങ്കയുണ്ടാക്കുന്നു. മുൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ മകൻ ഫ്ലാവിയോ ബോൾസോനാരോയും നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്.
മുൻ ബോൾസോനാരോ ഭരണകാലത്ത് വനനശീകരണം 20,000 ഹെക്ടറിന് മുകളിൽ പോയിരുന്നു. നിലവിലെ സർക്കാർ സ്വീകരിച്ച കർശനമായ നടപടികളാണ് വനനശീകരണം കുറയ്ക്കാൻ സഹായിച്ചതെന്ന് ‘SOS Mata Atlântica’ എന്ന സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലൂയിസ് ഫെർണാണ്ടോ ഗ്വെഡസ് പിന്റോ പറഞ്ഞു. എങ്കിലും വനനശീകരണം ഇപ്പോഴും പൂർണ്ണമായും അവസാനിച്ചിട്ടില്ലെന്നും ഓരോ ചെറിയ വനഭാഗം നഷ്ടപ്പെടുന്നത് പോലും വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

