മുംബൈ: അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിനെതിരെയുള്ള തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സി.ബി.ഐ പരിശോധന നടത്തി. മുംബൈ, ഗുരുഗ്രാം, ബെംഗളൂരു എന്നിവിടങ്ങളിലെ ഏഴ് കേന്ദ്രങ്ങളിലാണ് ഒരേസമയം തിരച്ചിൽ നടന്നത്. 2015-17 കാലയളവിൽ കമ്പനിയിൽ സേവനമനുഷ്ഠിച്ചിരുന്ന അന്നത്തെ സി.ഇ.ഒ, സി.എഫ്.ഒ, ഡയറക്ടർമാർ എന്നിവരുടെ വസതികളിലാണ് ഏജൻസി പരിശോധന നടത്തിയത്.
പൊതുമേഖലാ ബാങ്കുകളെയും എൽ.ഐ.സിയെയും കബളിപ്പിച്ച് ഏകദേശം 27,337 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന പരാതിയിൽ അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഗ്രൂപ്പിനെതിരെ ആകെ ഏഴ് കേസുകളാണ് സി.ബി.ഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത തുക മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റിയതായും ക്രമക്കേടുകൾ നടത്തിയതായുമാണ് കണ്ടെത്തൽ.
ബാങ്ക് ഓഫ് ബറോഡ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടക്കുന്ന അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്. പരിശോധനയിൽ നിർണ്ണായക രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തതായി സി.ബി.ഐ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ ബാങ്ക് തട്ടിപ്പ് കേസുകളിലൊന്നായി മാറിക്കൊണ്ടിരിക്കുന്ന ഇതിൽ വരും ദിവസങ്ങളിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

